സിപിഎം പ്രവർത്തകന്റെ കൊലപാതകം; മൂന്ന് പേർക്കെതിരെ കേസ്, പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു


ഉപ്പള, ഓഗസ്റ്റ് 06-2018 • ഉപ്പളയിൽ ബൈക്കിലെത്തിയ സംഘം സിപിഐഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ തിരിച്ചറിഞ്ഞു. സോങ്കാല്‍ സ്വദേശി അച്ചു എന്ന അശ്വിനെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. കണ്ടാലറിയുന്ന രണ്ടു പേരുടെ പേരിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സിദ്ദിഖും പ്രതികളും തമ്മില്‍ വാക്കേറ്റം ഉണ്ടായതായി പറയപ്പെടുന്നു. കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ ചുമതല. 15 അംഗ അന്വേഷണ സംഘത്തില്‍ രണ്ട് സിഐമാര്‍ ഉണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ മഞ്ചേശ്വരത്ത് ഉച്ചയ്ക്ക് 2 മണിക്ക് ശേഷം സിപിഐഎം ഹര്‍ത്താല്‍ ആചരിക്കും.

പ്രതികളില്‍ ഒരാള്‍ ബിജെപി അനുഭാവം ഉള്ളയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ സഹോദരനും ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്. ആര്‍എസ്‌എസ് അനുഭാവികളാണ് കൊലപാതകത്തില്‍ പിന്നിലെന്നാണ് സിപിഐഎമ്മും ആരോപിക്കിന്നത്. രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസും സ്ഥിരീകരിച്ചു.

Also Read:- കൊല്ലപ്പെട്ടത് സി പി എം പ്രവർത്തകൻ; മഞ്ചേശ്വരം താലൂക്കിൽ ഇന്ന് ഉച്ചയ്ക്കു ശേഷം ഹർത്താൽ

 ഉപ്പളയിൽ ബൈക്കിലെത്തിയ സംഘത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു