രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ പങ്ക് മഹത്തരം; ഇന്ധനവും ദിവസംതോറും 3000 രൂപയും നൽകും


തിരുവനന്തപുരം: ഓഗസ്റ്റ് 19.2018. കേരളത്തില്‍ പ്രളയദുരന്തത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ടവരെ സഹായിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ പങ്ക് മഹത്തരമായതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധാരാളം മത്സ്യത്തൊഴിലാളികളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പങ്കാണ് വഹിച്ചത്. അവര്‍ക്ക് ഇന്ധനവും ദിവസംതോറും 3000 രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രക്ഷാ പ്രവര്‍ത്തനത്തിനിടെ നിരവധി ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതിനെല്ലാം  നഷ്ടപരിഹാരം നല്‍കും. ദുരിതാശ്വാസ പ്രദേശത്ത് ബോട്ടുകള്‍ എങ്ങനെയാണോ എത്തിച്ചത് അതുപോലെ അവ തിരിച്ചെത്തിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. രക്ഷാ പ്രവര്‍ത്തനം അവസാനിച്ചാല്‍ സര്‍ക്കാര്‍ അവരെ കയ്യൊഴിയില്ലെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ സ്വീകരണം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനത്തിന് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. നമ്മുടെ നാട്ടില്‍ നൂറ്റാണ്ടുകളായി നില്‍ക്കുന്ന മനുഷ്യ സ്‌നേഹത്തിന്റെയും ത്യാഗസന്നദ്ധതയുടെയും സേവന തല്‍പ്പരതയുടെയും അടിത്തറയാണ് സമാനതകളില്ലാത്ത ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് നമുക്ക് കരുത്ത് നല്‍കിയത്. ആ സംസ്‌കാരത്തെ ഊട്ടിയുറപ്പിച്ച് മുന്നോട്ട് പോകുക എന്നതാണ് ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സമാനതകളില്ലാത്ത പ്രളയ ദുരന്തത്തില്‍ സൈന്യം പോലും പലപ്പോഴും പകച്ച് നിന്നപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ കരുത്തും ത്യാഗസന്നദ്ധതയുമാണ് പല സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് കരുത്തായത്. ചെങ്ങന്നൂരിലും ആലുവയിലും പറവൂരിലും മാളയിലുമെല്ലാം നൂറുകണക്കിന് ആള്‍ക്കാരുടെ ജീവനുകളാണ് മത്സ്യത്തൊഴിലാളികള്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മത്സ്യത്തൊഴിലാളികളുടെ ധൈര്യവും വെള്ളത്തിലെ പരിചയവുമെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടായി. കണക്കുകള്‍ പ്രകാരം 600 ബോട്ടുകളും 4000 മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായതാണ് വിവരം. മത്സ്യത്തൊഴിലാളികളുടെ സംഘടനകളും രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പങ്ക് വഹിച്ചു.

 Kerala, news, Fishermen, Pinarayi Vijayan, Cash, Fuel, Compensation, Role of fishermen who have been engaged in rescue work is great-Pinarayi Vijayan.