മഴ കുറഞ്ഞു; രക്ഷാപ്രവർത്തനം സജീവം, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്


ഓഗസ്റ്റ് 19.2018. ശനിയാഴ്ച വിവിധ ജില്ലകളിലായി 31 പേര്‍ മരിച്ചു. എറണാകുളം ജില്ലയില്‍ മാത്രം ഒരുദിവസം 18 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പറവൂരില്‍ ജനങ്ങള്‍ അഭയംപ്രാപിച്ച നോര്‍ത്ത് കുത്തിയതോട് പള്ളിയുടെ മതിലിടിഞ്ഞ് ആറുപേര്‍ മരിച്ചതായി വി.ഡി. സതീശന്‍ എം.എല്‍.എ അറിയിച്ചു. ചെങ്ങന്നൂര്‍ മേഖലയില്‍ പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിന് സമീപത്തുനിന്നാണ് നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ചമാത്രം ചെങ്ങന്നൂരില്‍ 12 പേര്‍ മുങ്ങി മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്ത. തൃശൂര്‍ ജില്ലയില്‍ അഞ്ചു മരണം. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ ഇതിന് പ്രളയക്കെടുതിയുമായി ബന്ധമില്ലെന്ന വിവരവുമുണ്ട്. ദേശമംഗലം പള്ളത്ത് ഉരുള്‍പൊട്ടലില്‍ അകപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്നലെ കണ്ടെടുത്തു. ചൂണ്ടലില്‍ താറാവ് കര്‍ഷകന്‍ വെള്ളത്തില്‍പെട്ട് മരിച്ചു.

കോതമംഗലം പോത്താനിക്കാട് വെള്ളത്തില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. കോട്ടയത്ത് ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി. ഇടുക്കി ഉപ്പുതോട്ടില്‍ ഉരുള്‍പൊട്ടി ഒരാള്‍ മരിച്ചു. മൂന്നുപേരെ കാണാതായി. മാവേലിക്കര ചെട്ടികുളങ്ങര ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രാഹുല്‍ (24) മരിച്ചു. മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞി മച്ചിങ്ങത്താഴത്ത് യുവാവും മൂന്നിയൂര്‍ കളിയാട്ടമുക്ക് കാര്യാട് കടവില്‍ ബാലനുമടക്കം രണ്ടുപേര്‍ മുങ്ങിമരിച്ചു. കോഴിക്കോട് പൂനൂര്‍പുഴയില്‍ കക്കോടി പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.

കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ തീരാദുരിതം

പ്രളയത്തില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ ജീവനു വേണ്ടി നിലവിളി തുടരവെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സജീവമായി. ചെങ്ങന്നൂര്‍, അപ്പര്‍ കുട്ടനാട്, ആലുവ, പറവൂര്‍, മാള, കൊടുങ്ങല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആയിരങ്ങളാണ് ഇവിടങ്ങളില്‍ വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളിലായി കുടുങ്ങിക്കിടക്കുന്നത്. കുടിവെള്ളവും വൈദ്യുതിയുമില്ല. ബോട്ടുകളിലും ഹെലികോപ്ടറുകളിലുമായി ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം പോരെന്ന പരാതി ഉയരുന്നുണ്ട്. പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ സഹായ അഭ്യര്‍ഥനകള്‍ പെരുകുകയാണ്.

വാര്‍ത്താവിനിമയ സംവിധാനം കാര്യക്ഷമമല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. മഴയില്‍ കാര്യമായ കുറവുണ്ടായതോടെ മറ്റു ജില്ലകള്‍ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. മൂന്നു ദിവസമായി ഗതാഗതം മുടങ്ങിയ അങ്കമാലി-തിരുവനന്തപുരം എം.സി റോഡില്‍ ശനിയാഴ്ച വൈകീട്ട് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളം-കോട്ടയം റൂട്ടില്‍ റെയില്‍വേ ഞായറാഴ്ച ട്രയല്‍ റണ്‍ നടത്തും.

കുട്ടനാട്ടില്‍ പതിനായിരങ്ങള്‍ പലായനത്തില്‍

കോട്ടയം: വേമ്പനാട്ടുകായലില്‍ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നതോടെ മൂന്നുദിവസത്തിനിടെ കുട്ടനാട്-അപ്പര്‍കുട്ടനാട് മേഖലകളില്‍നിന്ന് സകലതും ഉപേക്ഷിച്ച് പലായനം ചെയ്തത് പതിനായിരങ്ങള്‍. ശനിയാഴ്ച മാത്രം കാല്‍ലക്ഷത്തോളം പേര്‍ മാറി. ഇതില്‍ സ്വയം ഒഴിഞ്ഞവരും ഒഴിപ്പിച്ചവരുമുണ്ട്. ഒരുമാസത്തിനിടെ ഉണ്ടായ മൂന്നാമത്തെ പ്രളയം മൂന്നുലക്ഷത്തോളം പേരെ ബാധിച്ചു. ഹെക്ടര്‍ കണക്കിന് പാടശേഖരവും വെള്ളത്തിലായി. ഇതുവരെ 1.75 ലക്ഷം പേരെങ്കിലും കുട്ടനാടും അപ്പര്‍കുട്ടനാടും വിട്ടതായി റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചു. കുട്ടനാട്ടിലെ 13 പഞ്ചായത്തിലും അപ്പര്‍കുട്ടനാട്ടിലെ ആറ് പഞ്ചായത്തിലും സ്ഥിതി അതിഗുരുതരമാണ്. പലയിടത്തും കുടിവെള്ളവും വൈദ്യുതിയുമില്ല. തുരുത്തുകളിലും എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലങ്ങളിലും അവശേഷിക്കുന്നവരെ പൂര്‍ണമായും ഞായറാഴ്ച രാത്രി ഒഴിപ്പിക്കും. പലയിടത്തേക്കും ഇനിയും എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും റവന്യൂ അധികൃതര്‍ പറഞ്ഞു. ആലപ്പുഴ-ചങ്ങനാശ്ശേരി എ.സി റോഡടക്കം പാതകളില്‍ വെള്ളം കയറിയതോടെ ജലമാര്‍ഗമാണ് ഒഴിപ്പിക്കല്‍ നടപടി. പള്ളികളിലും സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും കുടുങ്ങിയവരെയും രക്ഷിക്കാനുള്ള നടപടികളും ഊര്‍ജിതമാണ്.

നൊമ്പരമായി ചെങ്ങന്നൂര്‍

ചെങ്ങന്നൂര്‍: പ്രളയത്തില്‍ മുങ്ങിയ ചെങ്ങന്നൂര്‍ കേരളത്തിന്റെ നൊമ്പരമായി തുടരുന്നു. പമ്പ, അച്ചന്‍കോവില്‍ നദികള്‍ അതിരിടുന്ന ചെങ്ങന്നൂര്‍ മേഖലയിലെ വെള്ളത്തില്‍ മുങ്ങിയ വീടുകളിലെ സ്ഥിതി എന്താണെന്ന് ഇപ്പോഴും ആര്‍ക്കും വ്യക്തതയില്ലാത്തത് ആശങ്കകള്‍ക്കും ഭീതിക്കും കാരണമാകുന്നു. ഇവിടെയുള്ളവരുടെ ബന്ധുക്കളില്‍നിന്ന് സഹായത്തിനുവേണ്ടിയുള്ള രോദനമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ചെങ്ങന്നൂര്‍ മേഖലയിലെ പാണ്ടനാട്, വെണ്‍മണി പഞ്ചായത്തുകളിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. ഇപ്പോഴും എല്ലാവരെയും രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് നൊമ്പരപ്പെടുത്തുന്ന കാര്യം. പമ്പയാര്‍ കരകവിഞ്ഞാഴുകുന്ന വിവരം അധികൃതര്‍ അറിയിച്ചിരുന്നു. പക്ഷേ, രണ്ടാംനിലയില്‍ സുരഷിതരാകുമെന്ന വിശ്വാസത്തിലായിരുന്നു ഇവരെല്ലാം. എന്നാല്‍, അച്ചന്‍കോവിലാര്‍ കരകവിഞ്ഞതോടെ കണക്കുകൂട്ടലുകള്‍ തെറ്റി. രക്ഷക്കായുള്ള പരക്കംപാച്ചിലായിരുന്നു പിന്നീട്. എന്നാല്‍, ആദ്യദിനം വേണ്ടത്ര കാര്യക്ഷമമായിരുന്നില്ല രക്ഷാപ്രവര്‍ത്തനം. വൈകുന്നേരത്തോടെയാണ് ഹെലികോപ്ടറുകള്‍ എത്തിയത്. അപ്പോഴേക്കും സന്ധ്യയായി. ആദ്യം റാന്നി, കോഴഞ്ചേരി മേഖലകളിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീടാണ് ഇവിടേക്ക് വന്നത്. നിരവധിയാളുകളെ ആകാശമാര്‍ഗം രക്ഷപ്പെടുത്തി. നാടന്‍ വള്ളങ്ങളുമായി രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും കുത്തൊഴുക്കില്‍ വള്ളം നിരന്തരം മറഞ്ഞതിനാല്‍ ഒന്നും ചെയ്യാനായില്ല.

Kerala, news, Red alert, Death, Report, Railway, Red Alert in three districts.