പുത്തിഗെ വയലില്‍ നടീല്‍ ഉത്സവം; പാഠംപഠിക്കാന്‍ പാടത്തിറങ്ങി കുട്ടികള്‍



കുമ്പള ഓഗസ്റ്റ് 07-2018 • മണ്ണിന്റെയും കൃഷിയുടെയും മഹത്വമറിയാന്‍ പാടവരമ്പത്തൂടെ അവര്‍ വയലിലെത്തി. കൃഷി ഒരു ജീവിത സംസ്‌കാരമായി കാണാന്‍ പഠിപ്പിക്കുന്ന പാഠ്യപദ്ധതിയില്‍നിന്നും കൃഷിയറിവുകള്‍ തേടിയാണ് കുട്ടികള്‍ പുത്തിഗെ പാഠശേഖരത്തിലെത്തിയത്. പുത്തിഗെ എ.ജെ.ബി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് കൃഷിപാഠമറിയാന്‍ വയലിലിറങ്ങിയത്. പരിസരപഠന പുസ്തകത്തിലെ പാഠങ്ങളുടെ നേരറിവുകള്‍ പകര്‍ന്നു നല്‍കാനായിരുന്നു കുട്ടികളുടെ വയല്‍യാത്ര . നിലമൊരുക്കി ഞാറുനട്ട് കൃഷിയോഗ്യമാക്കിയ പുത്തിഗെ വയല്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി. തരിശുകിടന്ന മുന്നരയേക്കര്‍ വയലിലാണ് പുത്തിഗെ എസ് കെ എസ് ക്ലബ് പ്രവര്‍ത്തകര്‍ നെല്‍കൃഷിയിറക്കിയത്. ഏറെ ഗുണനിവലാരമുള്ള ആതിര നെല്‍വിത്ത് വിളയിച്ചെടുത്ത ഞാറുകള്‍ നടീല്‍ യന്ത്രമുപയോഗിച്ചാണ് നട്ടത്. ക്ലബിന്റെ പത്തോളം പ്രവര്‍ത്തകര്‍ നടീല്‍ ഉത്സവത്തില്‍ പങ്കാളികളായി. മുന്‍ കാലങ്ങളില്‍ ഏറെ സജീവമായിരുന്ന പുത്തിഗെയുടെ കാര്‍ഷിക സംസ്‌കൃതി തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലബ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. ഇന്ന് നിലമുഴുന്നതും ഞാറുനടുന്നതുമെല്ലാം യന്ത്രസഹായത്താല്‍ ആണെങ്കിലും പ്രദേശത്തെ പാരമ്പര്യ കര്‍ഷകര്‍ കുട്ടികളുമായി പോയകാലത്തിന്റെ കൃഷിയോര്‍മ്മകള്‍ പങ്കുവച്ചു. മഹാലിംഗേശ്വര ഭട്ട്, ഉമാനാഥ ഭണ്ഡാരി, പാലാക്ഷ റൈ വേണുഗോപാല റൈ,ശിവപ്രസാദ്, രാജേഷ് കോടിച്ചാല്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. അധ്യാപകരായ എ.വി ബാബുരാജ്, ടി.എന്‍ ഉണ്ണികൃഷ്ണന്‍, അന്‍വര്‍ ഷാ, രാഹുല്‍ ഉദിനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

puthige-school-news