സ്വകാര്യബസുകളുടെ സാന്ത്വന യാത്ര വ്യാഴാഴ്ചകാസര്‍കോട് : ഓഗസ്റ്റ് 28.2018. ‘പ്രളയബാധിതര്‍ക്ക് ഒരു കൈത്താങ്ങ്’ എന്ന സന്ദേശവുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനശേഖരണാര്‍ത്ഥം സ്വകാര്യ ബസുകള്‍ നടത്തുന്ന ‘യാത്ര’യ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രകുറിപ്പില്‍ അറിയിച്ചു. ആഗസ്റ്റ് 30 നാണ് ജില്ലയിലെ സ്വകാര്യ ബസുകള്‍ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാന്ത്വനയാത്ര നടത്തുന്നത്. ഇതിലൂടെ സംഭരിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. അന്നേദിവസം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള മുഴുവന്‍ യാത്രക്കാരും എല്ലാവിധത്തിലുള്ള സൗജന്യവും ഒഴിവാക്കി ഫെയര്‍ നിരക്കിന് പുറമെ പരമാവധി തുക ജീവനക്കാര്‍ നീട്ടുന്ന ബക്കറ്റില്‍ നിക്ഷേപിച്ച് സഹകരിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

അപ്രതീക്ഷിതമായ പ്രളയംമൂലം തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനഃസൃഷ്ടിക്കായി മുഴുവന്‍ ജീവനക്കാരും അന്നേ ദിവസത്തെ വേതനം ഉപേക്ഷിക്കാന്‍ തയ്യാറായിട്ടുണ്ട്. കലക്ഷനുവേണ്ടി ഉപയോഗിക്കുന്ന മുഴുവന്‍ ബക്കറ്റും ദുരിതബാധിതര്‍ക്ക് എത്തിച്ചുകൊടുക്കാനുമാണ് തീരുമാനം.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് രാവിലെ 8.30ന് പി. കരുണാകരന്‍ എം.പി. നിര്‍വ്വഹിക്കും. ചെറുവത്തൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് 8.30ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീറും, കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. സജിത്ബാബു ഐ.എ.എസും, 9 മണിക്ക് ഹൊസങ്കടിയിലെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടിയും ഉദ്ഘാടനം ചെയ്യും.

കാഞ്ഞങ്ങാട്ടെ ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശനും ആര്‍.ഡി.ഒ. ബിജുവും ഡി.വൈ.എസ്.പി. പി.കെ. സുധാകരനും കാസര്‍ഗോട്ടെ ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസ്. എ. ഐ.പി,എസും ആര്‍.ടി.ഒ. അബ്ദുള്‍ഷുക്കൂറും വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

Kasaragod, Kerala, news, Private bus, Private bus one day trip for CM's disaster relief fund.