മിദ്‌ലാജിന്റെ മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു


കുമ്പള ഓഗസ്റ്റ് 08 -2018 •  കഴിഞ്ഞ ദിവസം ബന്തിയോട് മുട്ടം മഖ്ദൂമിയയിൽ കുത്തേറ്റ് മരിച്ച മുഹമ്മദ് മിദ്‌ലാജിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു നാട്ടുകാർ രംഗത്ത്. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മിദ് ലാജിന്റെ മരണം പൊലീസ് റിപ്പോർട്ട് ചെയ്തത് പോലെയല്ലെന്നും റിമാൻഡിലുള്ള പതിനാറുകാരൻ നിരപരാധിയാണെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു. മകൻ കുത്തേറ്റ് മരിച്ച സമയം സ്ഥാപനത്തിലെ തന്നെ പാചക തൊഴിലാളിയായ പിതാവിനെ ചിലർ ബന്ധിയാക്കുകയും പിന്നീട് സ്റ്റേഷനിൽ കൊണ്ടുപോവുകയും ചെയ്തത് സംശയത്തിന് ഇടവരുത്തായിട്ടുണ്ട്. സ്ഥാപനത്തിലെ കുട്ടികളെയും മറ്റു ജീവനക്കാരെയും അന്വേഷണത്തിനു വിധേയമാക്കിയാൽ എല്ലാ കാര്യങ്ങളും പുറത്ത് വരും. ഇക്കാര്യത്തിൽ സംശയകരമായ കുറെ തെളിവുകളുണ്ട്. അത്തരം കാര്യങ്ങൾ ആവശ്യമായി വരുന്ന സമയത്ത് വെളിപ്പെടുത്തുന്നതാണ്. യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കർണ്ണാടക സ്വദേശിയായ വിദ്യാർത്ഥിയെ പ്രതിചേർത്തിരിക്കുന്നത്. ശരിയായ ദിശയിൽ അന്വേഷണം നടത്തി എത്രയും വേഗം യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ചെയർമാൻ സി.എ. ഹമീദ്, കൺവീനർ അബ്ദുല്ല യൂസുഫ്, പി.ജി.എം അബ്ദുൽ ജബ്ബാർ, സാലി സീഗന്റടി, കെ.ജി. സത്താർ, ജലീൽ ഐ.എ, അബ്ദുൽ റഹിമാൻ സംബന്ധിച്ചു.


press-meet-midlaj-murder-issue-bandiod