പ്രശസ്ത കവി ചെമ്മനം ചാക്കോ അന്തരിച്ചു

 

കൊച്ചി: ഓഗസ്റ്റ് 15 , 2018:  പ്രശസ്ത കവി ചെമ്മനം ചാക്കോ അന്തരിച്ചു .ഹാസ്യം കൊണ്ട് കുറിക്കു കൊള്ളുന്ന വിമർശനം എന്നതായിരുന്നു ചെമ്മനം ചാക്കോയുടെ കവിതകളുടെ ശൈലി . കാക്കനാട് പടമുകളിലെ വസതിയില്‍ രാത്രി 11.50നായിരുന്നു അന്ത്യം. വാര്‍ധക്യസഹജ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി വിശ്രമജീവിതത്തിലായിരുന്നു.

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ മുളക്കുളം ഗ്രാമത്തിൽ വൈദികനായ യോഹന്നാൻ കത്തനാരുടെയും സാറയുടെയും മകനായി 1926 മാർച്ച്​ ഏഴിനാണ്​ ജനനം​. കുടുംബപ്പേരാണ്‌ ചെമ്മനം. പിറവം സ​​െൻറ്​ ജോസഫ്‌സ്‌ ഹൈസ്കൂൾ, ആലുവ യു.സി കോളജ്‌, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 

മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ്‌ ബിരുദം നേടി. പിറവം സ​​െൻറ്​ ജോസഫ്​സ്​ ഹൈസ്​കൂൾ, പാളയംകോട്ട സ​​െൻറ്​ ജോൺസ് കോളജ്, തിരുവനന്തപുരം മാർഇവാനിയോസ് കോളജ്, കേരള സർവകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അധ്യാപകനായും 1968 മുതൽ 1986 വരെ കേരള സർവകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്​ടറായും സേവനമനുഷ്​ഠിച്ചു. കേരള സാഹിത്യ അക്കാദമി, ഒാതേഴ്​സ് ഗിൽഡ് ഓഫ് ഇന്ത്യ, സമസ്ത കേരള സാഹിത്യ പരിഷത്ത്‌, ഫിലിം സെൻസർ ബോർഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോർഡ്‌ തുടങ്ങിയവയിൽ നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്​. 
1946ൽ ‘ചക്രവാളം’ മാസികയിൽ പ്രസിദ്ധീകരിച്ച ‘പ്രവചനം’ ആണ്​ ആദ്യകവിത. 1947ൽ ‘വിളംബരം’ എന്ന കവിതാസമാഹാരം പുറത്തിറങ്ങി. 1965ൽ പ്രസിദ്ധീകരിച്ച ‘ഉൾപ്പാർട്ടി യുദ്ധം’ എന്ന കവിതയിലൂടെയാണ്​ വിമർശനഹാസ്യത്തിലേക്ക്​ തിരിഞ്ഞത്​. 1967ൽ ‘കനകാക്ഷരങ്ങൾ’ എന്ന വിമർശന കവിത സമാഹാരം പ്രസിദ്ധീകരിച്ചു. കാലത്തി​​​െൻറ പൊരുത്തക്കേടുകളെ നർമബോധ​ത്തോടെ നോക്കിക്കാണുകയും അതിനെതിരെ ആക്ഷേപഹാസ്യത്തി​​​െൻറ മൂർച്ചയുള്ള വാക്കുകളിലൂടെ പ്രതികരിക്കുകയും ചെയ്യുന്നതായിരുന്നു ചെമ്മനത്തി​​​െൻറ രചനകൾ. ഇത്​ പലപ്പോഴും വിവാദം ക്ഷണിച്ചുവരുത്തുകയും ചെയ്​തു. 
പ്രധാന കൃതികൾ: നെല്ല്​, അസ്​ത്രം, ദുഃഖത്തി​​​െൻറ ചിരി, ആവനാഴി, ദാഹജലം, അമ്പും വില്ലും, ആളില്ലാക്കസേരകൾ, ഒറ്റയാൾ പട്ടാളം, അ​ക്ഷരപ്പോരാട്ടം (കവിതകൾ), ചക്കരമാമ്പഴം, നെറ്റിപ്പട്ടം, വർഗീസ്​ ആന (ബാലസാഹിത്യം), കിഞ്ചന വർത്തമാനം, ചിരിമധുരം, ഭാഷാതിലകം, വള്ളത്തോൾ-കവിയും വ്യക്തിയും (ലേഖനങ്ങൾ), തോമസ്​ 28 വയസ്സ്​ (ചെറുകഥാസമാഹാരം). 
കേരള സാഹിത്യ അക്കാദമി കവിത പുരസ്​കാരം, ഹാസ്യസാഹിത്യ അവാർഡ്‌, ഉള്ളൂർ കവിത അവാർഡ്‌, ആശാൻ പുരസ്​കാരം, സഞ്ജയൻ അവാർഡ്‌, പി. സ്​മാരക പുരസ്കാരം, മൂലൂർ അവാർഡ്‌, ജി. സ്​മാരക പുരസ്​കാരം, കുട്ടമത്ത് അവാർഡ്‌, സഹോദരൻ അയ്യപ്പൻ അവാർഡ്‌, കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം തുടങ്ങിയ ഒ​േട്ടറെ ബഹുമതികൾ നേടിയിട്ടുണ്ട്​. ഭാര്യ: ബേബി. മക്കൾ: ഡോ. ശോഭ, ഡോ. ജയ. സംസ്കാരം പിന്നീട്.