പ്രളയ ദുരിതബാധിതർക്കായി കൈകോർത്ത് ഇവർകാസറഗോഡ്: ഓഗസ്റ്റ് 18.2018. വെള്ളപ്പൊക്ക ദുരന്തത്തിൽ സകലതും നഷ്ടപ്പെട്ടു ഒറ്റപ്പെട്ടുപോയ വയനാട് ജില്ലയിലേക്ക്, തലശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ കാസറഗോഡ് ടൗൺ ചർച്ചിൽ നിന്നും സ്നേഹവണ്ടി പുറപ്പെട്ടു. മുപ്പതു ക്വിന്റൽ അരി, ഇരുപത് ക്വിന്റൽ കടല, പയർ തുടങ്ങിയ ധാന്യങ്ങൾ,  ഇരുനൂറ്റമ്പതു ചുരിദാർ, മുന്നൂറു ലുങ്കി, ഇരുനൂറ്റമ്പതു തോർത്ത് , മുന്നൂറു ബെഡ്ഷീറ്റ്, മുന്നൂറു സ്കെർട്, മെഡിസിൻ തുടങ്ങി നാല് ലക്ഷം രൂപയുടെ സാധനങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്നേഹവണ്ടി.

വിശ്വാസികൾക്ക് പുറമെ, വൈ എം സി എ, കെ സി വൈ എം, കല്യാൺ സിൽക്സ് സ്റ്റാഫ്, ഫാദർ മുള്ളേർസ് സ്റ്റാഫ്, കുമ്പള, ഹൊസങ്കടി ഇടവകകൾ, ജയ് മാതാ നഴ്സറി സ്കൂൾ തുടങ്ങിയവർ ഈ സദുദ്ദേശ സംരംഭത്തോട് സഹകരിച്ചു. അടുത്ത സ്നേഹ വണ്ടി തിങ്കളാഴ്ച പുറപ്പെടും.


ദുരിതബാധിതർക്ക് കുമ്പളയിൽ ദേശീയ വേദി വസ്ത്രങ്ങൾ ശേഖരിക്കും

കുമ്പള : പ്രളയവും പേമാരിയും കലിതുള്ളിയ കാലവര്‍ഷത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് മനുഷ്യ സ്‌നേഹത്തിന്റെ മഹനീയ മാതൃകയായി കാസര്‍കോട്ടുകാര്‍. ചരിത്രത്തിലിതുവരെ അടയാളപ്പെടുത്താത്ത സമാനതകളില്ലാത്ത പ്രളയ ദുരന്തമാണ് ഇന്ന് കേരളം നേരിട്ട് കൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് പേരുടെ വീടും, അനേകം പേരുടെ ജീവനും അപഹരിച്ചു താണ്ഡവമാടിക്കൊണ്ടിരിക്കുന്ന ഈ പ്രകൃതി ദുരന്തത്തിന് ഇരയായവർക്ക് കൈതാങ്ങാവാൻ 'കനിവോടെ കാസർകോഡ് 'എന്ന വാട്സാപ്പ് ഗ്രൂപ്പുമായി സഹകരിച്ചു കേരള ദേശീയ വേദി കുമ്പള യൂണിറ്റ് കമ്മിറ്റി ദുരിതബാധിതർക്കാവശ്യമായ വസ്ത്രങ്ങൾ, ഭക്ഷണങ്ങൾ തുടങ്ങി എല്ലാവിധ അവശ്യ സാധനങ്ങളും ശേഖരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ജില്ലയിലെ ഒരുപറ്റം യുവാക്കള്‍ കഴിഞ്ഞ ദിവസം രൂപീകരിച്ച കനിവോടെ കാസര്‍കോട് എന്ന കൂട്ടായ്മയിലൂടെ ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത് ആയിരക്കണക്കിന് സാധനങ്ങളാണ്. ദുരിതബാധിതർക്കാവശ്യമായ സാധനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ കേരള ദേശീയ വേദി കുമ്പള യൂണിറ്റ് കമ്മിറ്റി ഓഫീസിലേക്കോ, ഭാരവാഹികളുമായി ബന്ധപ്പെടാനോ താല്പര്യപ്പെടുന്നു.

ജല പ്രളയ കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനസ്പർഷമായി ജി സി സി - കെ എം സി സി മച്ചംപാടി കമ്മിറ്റി


മഞ്ചേശ്വരം: ജല പ്രളയ കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനസ്പർഷമായി ജി സി സി - കെ എം സി സി മച്ചംപാടി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള സഹായം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫിന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി എച്ച് അബ്ദുൽ ഹമീദ് കൈമാറി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചാണ് വസ്ത്രങ്ങളടങ്ങിയ നിത്യോപയോഗ സാധനങ്ങൾ നൽകിയത്. ഇതിന് സഹായിച്ചു സഹകരിച്ച ജി സി സി കെ എം സി സി മച്ചംപാടി കമ്മിറ്റി ഭാരവാഹികളെ ബ്ലോക്ക് പ്രസിഡന്റ് എ കെ എം അഷ്‌റഫ് അഭിനന്ദിച്ചു .

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമതാ ദിവാകർ, മുസ്തഫ ഉദ്യാവർ, മിർഷാന, അബ്ദുല്ല ഐ പി, ബി എം മുസ്തഫ, ജി സി സി - കെ എം സി സി ഭാരവാഹികളായ ശരീഫ് ഹാജി പള്ളം , മജീദ് മച്ചംപാടി, ഹുസൈൻ പാറ , ലത്തീഫ് പള്ളം, നൗഷാദ് പള്ളം, സകരിയ പാപിലം, ഖലീൽ മച്ചംപാടി, ആസിഫ് യു എസ്, ജാബിർ കേരി, മുസ്തഫ മുടിമാർ, ഇല്യാസ്, ഖലീൽ സി എം നഗർ എന്നിവർ സംബന്ധിച്ചു .

പ്രളയ ബാധിതർക്കൊരു കൈത്താങ്ങുമായി മൊഗ്രാൽ സ്പോർട്സ് ക്ലബ്ബ്

കേരളം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രളയ ദുരിതം സ്വസ്ഥമായി കഴിയുന്നവരുടെ മനസിനെയും അസ്വസ്ഥമാക്കുന്നതാണ്.  ഈ അവസരത്തിൽ പ്രളയം മൂലം കഷ്ടപ്പെടുന്ന ദുരിത ബാധിതരെ സഹായിക്കാൻ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബും ഒപ്പം ചേരുകയാണ്. ആയതിനാൽ അവർക്കു വേണ്ട ആവശ്യ സാധനങ്ങൾ എത്തിച്ചു തന്നു ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയാവണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു. 19-08-18 ശനിയാഴ്ച മുതൽ 22-8-18 ബുധനാഴ്ച വരെ നിങ്ങളുടെ ചെറുതാണെങ്കിലും വിലയേറിയ സംഭാവനകൾ സ്വീകരിക്കുന്നതാണ്.

വിളിക്കേണ്ട നമ്പർ :
▪അൻവർ അഹമ്മദ്. എസ് (പ്രസിഡന്റ് )Mob. 9567426522.
▪ആസിഫ് ഇക്ബാൽ (സെക്രെട്ടറി )9895108654.
▪റിയാസ് മൊഗ്രാൽ (ട്രഷറർ )9746353551

1000 ചാക്ക് അരിയും പുതപ്പുമായി 10ാമത് ഉറൂസെ ഉപ്പാവ കമ്മിറ്റി ഭാരവാഹികൾ പ്രളയഭൂമിയായ കുട്ടനാട്ടിലെ സഹോദരങ്ങൾക്ക് സാന്ത്വനമായി എത്തിചേർന്നു

ഹസ്രത്ത് ശൈഖ് അബ്ദുള്ളാ ഷാ ഖാദിരി അൽ ഖദീരി ഉപ്പാവയുടെ 10ാമത് ഉറൂസിന്റെ ഭാഗമായി നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളുടെ തുടക്കമായി, പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ സഹോദരങ്ങൾക്ക് 1000 ചാക്ക് അരിയും പുതപ്പുമായി സാന്ത്വനമായി എത്തിചേർന്നു. ഹസ്രത്ത് ശൈഖ് മസീഹ സത്താർ ഷാ ഖാദിരി അവർകളുടെ ആശീർവ്വാദത്തോടു കൂടി ഞായറാഴ്ച്ച വൈകിട്ട് പുറപ്പെട്ട സംഘമാണ് ഇന്ന് രാവിലെ കുട്ടനാട്ടിൽ എത്തിച്ചേർന്നത്. ആലപ്പുഴ കലക്ട്രേറ്റിൽ നടന്ന ചടങ്ങിൽ സുമനസ്സുകളുടെ സാന്നിദ്ധ്യത്തിൽ വെച്ച് ഉറൂസ്കമ്മിറ്റി ചെയർമാൻ എ.ടി.അബ്ദുൽ അസീസ് ബഹുമാനപ്പെട്ട ജില്ലാ കലക്ടർ എസ്.സുഹാസിന് സഹായനിധി കൈമാറി.

സഹായം ഏറ്റു വാങ്ങുന്ന ചടങ്ങിൽ ആലപ്പുഴ തഹസ്സിൽദാർ മുരളി, തിഹസ്സിൽദാർ ഒ.ജെ.ബേബി, എ.കെ.ജി.എസ്.എം.എ ആലപ്പുഴ ജില്ലാ സെക്രട്ടറി കെ.നാസർ എന്നിവർ പങ്കെടുത്തു. ജാതി മത പ്രദേശ വ്യത്യാസമില്ലാതെ ഒത്തൊരുമയോടെ പരസ്പരം സ്നേഹിക്കാനും സഹായിക്കാനും ഊന്നൽ നൽകുന്ന നമ്മുടെ സംസ്കാരത്തിന് ഇത്തരം പരിപാടികൾ അഭിമാനമാണെന്ന് ബഹുമാനപ്പെട്ട ജില്ലാ കലക്ടർ അഭിപ്രായപ്പെട്ടു.


ദുരിതാശ്വാസ നിധിയിലേക്ക് ചുമട്ടുതൊഴിലാളികൾ ഒരുദിവസത്തെ കൂലി നൽകി

ബദിയടുക്ക: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി ദുരിതാശ്വാസ നിധിയിലേക്ക് ബദിയടുക്ക ടൗണിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളുടെ ഒരുദിവസത്തെ കൂലി നൽകി. സി.പി.എം ബദിയടുക്ക ലോക്കൽ സെക്രട്ടറി കെ. ജഗന്നാഥഷെട്ടിക്ക് തൊഴിലാളി രാമചന്ദ്രൻ തുക കൈമാറി.

വ്യാപാരി വ്യവസായി ഏകോപന സമിതി ബദിയടുക്ക യൂനിറ്റ് പ്രസിഡൻറ് എസ്.എൻ. മയ്യ, സെക്രട്ടറി കുഞ്ചാർ മുഹമ്മദ് ഹാജി, കൃഷ്ണ ബദിയടുക്ക, ജയപ്രകാശ്, അനിൽ, കൃഷ്ണ പൂജാരി, പി.കെ. അബ്ദുല്ല, ബി.എം. ഹനീഫ, മോണു എന്നിവർ പങ്കെടുത്തു.

ദുരിതാശ്വാസ നിധിയുമായി മുഹിമ്മാത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും

പുത്തിഗെ: കേരളത്തിലെ പ്രളയ ബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പുത്തിഗെ മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ദുരിതാശ്വാസ നിധി( 50,710 രൂപ) പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അരുണ ജെ ഏറ്റുവാങ്ങി. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ബി മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചനിയ പി, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്, വികസന സമിതി കോ-ഓഡിനേറ്റര്‍ പി ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ രൂപേഷ് എം ടി സ്വാഗതവും സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് മുഷ്ഫിഹ് നന്ദിയും പറഞ്ഞു.


Kasaragod, Kerala, news, peoples ar

e helping flood victims.