പ്രധാനമന്ത്രിക്ക് യാത്ര ചെയ്യാന്‍ 1484 കോടി രൂപ; വെള്ളപ്പൊക്കം നേരിടുന്ന കേരളത്തിന് 100 കോടി മാത്രം, പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ് വൈറല്‍ന്യൂഡല്‍ഹി: ഓഗസ്റ്റ് 17.2018. കേരളത്തിലെ വെള്ളപ്പൊക്ക ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം 100 കോടി രൂപ മാത്രം അനുവദിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം നേരിടുന്ന കേരളത്തിനുളള ഫണ്ടായി 100 കോടി മാത്രം അനുവദിച്ചത് അദ്ദേഹം ട്വീറ്റിലൂടെയാണ് ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രിയുടെ യാത്രകള്‍ക്ക് മാത്രമായി 1484 കോടി രൂപയാണ് ചെലവായത്. പരസ്യങ്ങള്‍ക്ക് 4300 കോടി രൂപ, ശിവജി പ്രതിമ നിര്‍മ്മിക്കാന്‍ 3600 കോടി രൂപ, പട്ടേല്‍ പ്രതിമയ്ക്ക് 2989 കോടി രൂപ, കുംബ മേളയ്ക്ക് 4200 കോടി, കേരളത്തിലെ വെള്ളപ്പൊക്കത്തിന് 100 കോടി മാത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദി സര്‍ക്കാരിന്റെ മുന്‍ഗണന വളരെ വ്യക്തമാവുന്നതാണ് ഈ കണക്കുകളെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തത്. അടിയന്തരമായി 1220 കോടി അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ദുരിതം കനക്കുകയും ചെയ്തു. എന്നാല്‍, കേരളം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് 100 കോടി രൂപ മാത്രമാണ് അനുവദിച്ചത്. പ്രളയ ബാധിത പ്രദേശങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയ ശേഷം കൂടുതല്‍ പണം നല്‍കുമെന്നും സിങ് പറഞ്ഞു.

കേന്ദ്രമന്ത്രിസഭയ്ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ 8316 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി പിണറായി വിജയന്‍ ഞായറാഴ്ച ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഒരൊറ്റ കാലഘട്ടത്തില്‍, പ്രകൃതിയുടെ ക്ഷോഭത്തില്‍ രണ്ടു പ്രാവശ്യം തകര്‍ന്ന കേരളത്തിന് അടിയന്തരമായി 1220 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ മരണസംഖ്യ 150 കടന്നിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പോലും കേന്ദ്രം തയ്യാറായിട്ടില്ല.

only 100 crore for flood affected Kerala -says Prasanth Bhushan, news, New Delhi.