വിദേശസഹായം ഇന്ത്യ സ്വീകരിക്കില്ല; ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സ്വയം നിര്‍വഹിക്കുമെന്ന നയം തുടരുംന്യൂഡല്‍ഹി: ഓഗസ്റ്റ് 23.2018. പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് യു.എ.ഇ പ്രഖ്യാപിച്ച 700 കോടി രൂപ ഉൾപ്പെടെയുള്ള വിദേശസഹായം ഇന്ത്യ സ്വീകരിക്കില്ല. പ്രളയംപോലുള്ള ദുരന്തങ്ങള്‍ അതിജീവിക്കാന്‍ വിദേശസഹായം കൈപ്പറ്റേണ്ടെന്ന കീഴ്‌വഴക്കം മാറ്റില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. വെള്ളപ്പൊക്കക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനുള്ള വിദേശരാജ്യങ്ങളുടെ സന്നദ്ധതയെ ഇന്ത്യ വിലമതിക്കുന്നു. എന്നാല്‍, ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സ്വയം നിര്‍വഹിക്കുമെന്ന നയം തുടരും.

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധികളിലേക്ക് പ്രവാസികളുടെയും വിദേശ ഇന്ത്യക്കാരുടെയും ഫൗണ്ടേഷനുകളടക്കമുള്ള അന്താരാഷ്ട്രസംഘടനകളുടെയും സംഭാവന സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശത്തുനിന്ന് വ്യക്തികള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ കേരളത്തെ സഹായിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്ത് തടസ്സം നീക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യു.എ.ഇ, ഖത്തര്‍, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ കേരളത്തിന് സാമ്പത്തികസഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.

കേരളത്തിനുള്ള വിദേശരാജ്യങ്ങളുടെ സഹായവാഗ്ദാനങ്ങള്‍ വിനയത്തോടെയും നന്ദിപറഞ്ഞും നിരസിക്കണമെന്ന് നേരത്തേ ഇന്ത്യയുടെ എംബസികളോട് ഇ-മെയില്‍ സന്ദേശം വഴി വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. കേരളത്തിലെയും മറ്റുസംസ്ഥാനങ്ങളിലെയും ജനങ്ങളും വിദേശഇന്ത്യക്കാരും ഒരുമിച്ചുനിന്ന് സര്‍ക്കാര്‍സംവിധാനത്തെ സഹായിക്കുന്നുണ്ടെന്ന് അവരോട് വ്യക്തമാക്കണം. ദുരന്തംനേരിടാന്‍ സ്വന്തം ശ്രമങ്ങളെ ആശ്രയിക്കാനാണ് ഇന്ത്യ പ്രാഥമിക പരിഗണന നല്‍കുന്നത് എന്നറിയിക്കണം. നിലവിലുള്ള സാഹചര്യം ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണ്. അതിനാല്‍, വെള്ളപ്പൊക്കക്കെടുതി നേരിടാന്‍ ആഭ്യന്തരശ്രമങ്ങളെ ആശ്രയിക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നതെന്ന് വിദേശരാജ്യ പ്രതിനിധികളോട് വ്യക്തമാക്കണം -കത്തില്‍ പറയുന്നു.

2004-ല്‍ അന്നത്തെ യു.പി.എ. സര്‍ക്കാരാണ് ദുരന്തംനേരിടാന്‍ വിദേശസഹായം വാങ്ങേണ്ടതില്ലെന്ന നിലപാട് ആദ്യമായി സ്വീകരിച്ചത്. 2004-ലെ സുനാമിയിലും 2013-ലെ ഉത്തരാഖണ്ഡ് പ്രളയത്തിലും ഇന്ത്യ വിദേശസഹായം സ്വീകരിച്ചില്ല. 2013-ല്‍ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കസമയത്ത് റഷ്യ നല്‍കിയ സഹായവാഗ്ദാനം ഇന്ത്യ നിരസിച്ചിരുന്നു. കീഴ്‌വഴക്കം നിലനില്‍ക്കെത്തന്നെ, ദുരിതാശ്വാസനടപടികള്‍ക്കപ്പുറമുള്ള പുനര്‍നിര്‍മാണം, പുനരധിവാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വിദേശസഹായം സ്വീകരിക്കുന്ന കാര്യം പരിശോധിക്കാമെന്ന സമീപനവും കേന്ദ്രത്തിനുണ്ട്.

പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്യും -മുഖ്യമന്ത്രി

തിരുവനന്തപുരം: യു.എ.ഇ. സര്‍ക്കാര്‍ വാഗ്ദാനംചെയ്ത 700 കോടി രൂപ സ്വീകരിക്കുന്നതിലെ തടസ്സങ്ങള്‍ നീക്കാന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.എ.ഇ സര്‍ക്കാര്‍ പണം വാഗ്ദാനം ചെയ്തയുടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതിനെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം സഹായിക്കുന്നത് സ്വാഭാവികമാണ്. 2016ലെ ദേശീയ ദുരന്തനിവാരണ നയത്തില്‍ മറ്റു രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായങ്ങള്‍ സ്വീകരിക്കാന്‍ തടസ്സമില്ല. യു.എ.ഇ.യുടെ സഹായവുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങള്‍ ഉള്ളതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. അത് ഔദ്യോഗികതലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്ന സഹായങ്ങള്‍ സര്‍ക്കാര്‍ സ്വാഗതംചെയ്യുന്നു. അത് നേടിയെടുക്കാനുള്ള ശ്രമമാണ് നാടിനെ സ്‌നേഹിക്കുന്ന എല്ലാവരും ചെയ്യേണ്ടത്. ഒറ്റക്കെട്ടായ പരിശ്രമങ്ങള്‍ക്ക് തടയിടാനും അതില്‍ വിള്ളല്‍ വീഴ്ത്താനും നടത്തുന്ന ഒരു പ്രവര്‍ത്തനവും ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

news, New Delhi, National, Pinarayi Vijayan, Narendra Modi, No need of financial help from foreign countries-Central govt.