റോഡിന്റെ ശോചനീയാവസ്ഥ; ഗതാഗത തടസ്സം നീങ്ങാതെ ദേശീയപാത


കുമ്പള ഓഗസ്റ്റ് 04-2018 • ദേശീയപാതയിലെ കുഴികളെക്കൊണ്ടുള്ള കെടുതികൾ അവസാനിക്കുന്നില്ല. ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് തുടരുന്നു. കുമ്പളയിൽ ദേശീയ പാതയിൽ പാലത്തിനടുത്ത് രൂപപ്പെട്ട കുഴികൾ റോഡിൽ വലിയ ഗതാഗത തടസ്സമാണ് ഉണ്ടാക്കുന്നത്. ചില സമയങ്ങളിൽ മൊഗ്രാൽ മുതൽ ഷിറിയ വരെ റോഡിൽ ഒരടി മുമ്പോട്ട് പോവാനാവാതെ വാഹനങ്ങൾ കുരുക്കിൽ പെട്ട് കിടക്കേണ്ടി വരുന്നു. 

ആമ്പുലൻസുകളും കേരള, കർണാടക സർക്കാരുകളുടെ കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള സർവീസ് ബസ്സുകളും കുരുക്കിൽ അകപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്താനാവാതെ വിഷമിക്കുന്നു. അതേ സമയം കാസർകോട് - തലപ്പാടി റൂട്ടിലോടുന്ന പല ബസ്സുകൾക്കും യഥാസമയം ഓടിയെത്താനാവാത്തതിനാൽ കുമ്പളയിലോ ബന്തിയോട്ട് വച്ചോ ഓട്ടം നിർത്തി തിരിച്ചു പോകുന്നു. സർവ്വീസ് മുഴുമിപ്പിക്കാനാവുന്നില്ലെന്നും തലപ്പാടിയിൽ നിന്നും കുമ്പളയിലെത്തുമ്പോൾ കാസർകോട് പോയി തിരിച്ച് വന്ന് കുമ്പളയിലെത്തുന്ന സമയമാകുന്നുവെന്നും അത് കൊണ്ട് കുമ്പളയിൽ നിന്നും മടങ്ങേണ്ടി വരുന്നുവെന്നും സ്വകാര്യ ബസ് ജീവനക്കാർ പറയുന്നു. എല്ലാവരുടെയും അനുഭവം ഒന്നു തന്നെ ആയതിനാൽ സമയം തെറ്റി ഓടിയാലും മറ്റ് ബസ് ജീവനക്കാർ എതിർപ്പൊന്നും പറയാറില്ലത്രെ.

ദേശീയ പാതയിലൂടെ ഓടാൻ കുമ്പള സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർമാർ മടിക്കുന്നതായി യാത്രക്കാർ പറയുന്നു. റോഡിലെ ബ്ലോക്ക് കാരണം ആരിക്കാടിയിൽ നിന്നും കുമ്പളയിലേക്ക് ഒന്നര കിലോമീറ്റർ ഓടാൻ അര മണിക്കൂർ സമയമെടുക്കുന്നതായി ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. ദേശീയ പാതയിലൂടെയല്ലാതെ ഉൾപ്രദേശങ്ങളിലേക്ക് വാടകയ്ക്ക് പോകാനാണ് ഓട്ടോക്കാർ താത്പര്യപ്പെടുന്നത്.

ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച പൊടി കൊണ്ടുവന്ന് വിതറി നിരത്തിയിരുന്നു. ഒറ്റ മഴ കൊണ്ട് ദേശീയപാത വീണ്ടും പഴയ രൂപത്തിലായിരിക്കുകയാണ്.

nh-kasaragod-manjeshwar