വിദ്യാഭ്യാസം മനുഷ്യനെ ഉന്നതസംസ്ക്കാരത്തിലേക്ക് നയിക്കാനുള്ള ഉപാധി - എ. ജി. സി ബഷീർമൊഗ്രാൽ: ഓഗസ്റ്റ് 18.2018. വിദ്യാഭ്യാസം മനുഷ്യനെ ഉന്നതസംസ്ക്കാരത്തിലേക്ക് നയിക്കാനുള്ള ഉപാധിയാണെന്നും കുട്ടിയെ സ്ക്കൂളിലേക്കയക്കുന്ന ഓരോ രക്ഷിതാവും അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീർ. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും സർക്കാർ മികവിന്റെ കേന്ദ്രമായി അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്ന മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിന്റെ പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും ഉത്തമനായ മനുഷ്യൻ ആവുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിലെത്തുന്ന കുട്ടികളെ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും വലകൾ വിരിച്ച് കാത്തിരിക്കുന്ന ദുശ്ശക്തികളുണ്ട് ചുറ്റും.
നമ്മുടെ മാതൃകകൾ കണ്ടുവളരുന്നവരാക്കി മക്കളെ മാറ്റിയാൽ മാത്രമേ അവരെ ദുഷ്ടതയുടെ വലകളിൽ നിന്ന് രക്ഷിച്ച് ഉന്നതലക്ഷ്യത്തിലെത്തിക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

എം. എൽ. എ, പി. ബി അബ്ദുൽ റസാഖ് വിദേശത്തുനിന്നും മൊബൈലിൽ സന്ദേശമറിയിച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി എ. ബി. വാജ്‌പേയിയുടെയും പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും ഓർമ്മയിൽ സദസ്സ് ഒരു മിനിറ്റ് മൗനം ആചരിച്ചു. സദസ്സിൽ ഒരുക്കിയ പ്രളയദുരിതാശ്വാസനിധിയിലേക്ക് പരിപാടി വീക്ഷിക്കാനെത്തിയവരും അതിഥികളും സംഭാവനകളർപ്പിച്ചു. കുട്ടികളുടെ കൂടി തുകകൾ ചേർത്ത് ഇത് ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. 

 ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഫരീദ സക്കീറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജി. സി. ബഷീർ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ. എൽ. പുണ്ഡരികാക്ഷ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായ ബി. എൻ. മുഹമ്മദ് അലി, ഫാത്തിമ അബ്ദുല്ല കുഞ്ഞി, മെമ്പർമാരായ ഖൈറുന്നിസ അബ്ദുൽ ഖാദർ, ആയിഷ മുഹമ്മദ്, പുഷ്പലത, എസ്. എം. സി ചെയർമാൻ അഷ്റഫ് പെർവാഡ്, എം. പി. ടി. എ പ്രസിഡന്റ് താഹിറ കെ. എ, നാസർ മൊഗ്രാൽ, അഡ്വ. സക്കീർ അഹമ്മദ്, താജുദ്ദീൻ മൊഗ്രാൽ, എച്ച്. എസ്. എസ്. പ്രിൻസിപ്പാൾ കെ. വിശാലാക്ഷി, മാഹിൻ മാസ്റ്റർ, ശിവാനന്ദൻ മാസ്റ്റർ, എസ്. എ. അബ്ദുൽ റഹ്മാൻ മാസ്റ്റർ, മുൻ പി. ടി. എ പ്രസിഡന്റ് കെ. പി. അബൂബക്കർ, ഒ. എസ്. എ പ്രസിഡന്റ് ടി. കെ. അൻവർ, ടി. എം. ശുഹൈബ്, കെ. സി. സലീം, ഹാദി തങ്ങൾ, പി. എ. ആസിഫ്, അബ്ദുൽ റഹ്മാൻ സുർത്തിമുല്ല, സി. എച്ച് അബ്ദുൽ ഖാദർ, എം. എം. ഇബ്രാഹിം, നിസാർ പെർവാഡ് എന്നിവർ ആശംസകൾ അർപ്പിച്ചു. പിടിഎ പ്രസിഡന്റ് സിദ്ദിഖ് റഹ്മാൻ സ്വാഗതവും ഹെഡ്മാസ്റ്റർ മനോജ്കുമാർ സി നന്ദിയും പറഞ്ഞു.

Mogral, news, Kerala, transit-ad, new building of Mogral govt. higher secondary school's foundation stone laid.