കാമുകനൊപ്പം ജീവിക്കാന്‍ അച്ഛനേയും അമ്മയേയും മകളേയും കൊലപ്പെടുത്തിയ കേസിലെ പ്രതി സബ് ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍കണ്ണൂര്‍: ഓഗസ്റ്റ് 24.2018. അച്ഛനേയും അമ്മയേയും മകളേയും കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യ(28)യെ സബ് ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു അച്ഛനേയും അമ്മയേയും മകളേയും കൊലപ്പെടുത്തിയത്. കണ്ണൂര്‍ വനിതാ സബ് ജയിലില്‍ രാവിലെ 10 മണിയോടെയാണ് സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയില്‍ പരിസരത്തെ കശുമാവില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പടന്നക്കര വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(76), ഭാര്യ കമല(65), പേരക്കുട്ടി ഐശ്വര്യ(എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ത്ത് ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലപാതകമായിരുന്നു. നാട്ടുകാര്‍ മരണത്തില്‍ സംശയം ഉന്നയിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക രഹസ്യം പുറത്തുകൊണ്ടുവന്നത്.

ഏപ്രില്‍ 24നാണ് സൗമ്യയെ പോലീസ് അറസ്റ്റുചെയ്തത്. കുടിവെള്ളത്തിലെ പ്രശ്‌നമാണെന്ന് ധരിപ്പിച്ച് വെള്ളത്തിന്റെ സാമ്പിള്‌വരെ പരിശോധനയ്ക്ക് അയച്ച് വിശ്വസിപ്പിക്കാനും അവര്‍ ശ്രമിച്ചിരുന്നു. ഭക്ഷണത്തില്‍ വിഷം കൊടുത്താണ് നാല് പേരെയും കൊലപ്പെടുത്തിയത് എന്നാണ് ഒടുവില്‍ സൗമ്യ പോലീസിനോട് പറഞ്ഞത്. സൗമ്യ അഞ്ച് മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഇവയിലെ വിവരങ്ങള്‍ കണ്ടെത്താന്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധന നടത്തി. ഫോണ്‍ സംഭാഷണം, മെസേജുകള്‍, വീഡിയോ സന്ദേശങ്ങള്‍ എന്നിവ പോലീസ് വിശദമായി പരിശോധിച്ചിരുന്നു

കേസില്‍ 55 സാക്ഷികളുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. തലശ്ശേരി, കോഴിക്കോട്, മംഗളൂരു ആശുപത്രികളിലെ ചികിത്സാരേഖകള്‍ പോലീസ് ശേഖരിച്ചു. കുടുംബത്തിലെ മൂന്നുപേരും ദുരൂഹസാഹചര്യത്തില്‍ വിവിധ ആശുപത്രികളിലാണ് മരിച്ചത്. ഇവര്‍ക്കെല്ലാം കൂട്ടിരിപ്പായി സൗമ്യയാണുണ്ടായിരുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. മാതാപിതാക്കളെയും മകളെയും എലിവിഷം നല്‍കി കൊന്നശേഷം ഛര്‍ദി അഭിനയിച്ച് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സതേടിയ സൗമ്യയെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

Kannur, Kerala, news, Accused, Hanged, Sub jail, Murder case, Police, Murder case accused found dead hanged.