വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പുഴയിലെറിഞ്ഞു കൊന്ന കേസിലെ പ്രതി അറസ്റ്റില്‍


മേലാറ്റൂര്‍ (മലപ്പുറം): ഓഗസ്റ്റ് 25.2018. മേലാറ്റൂര്‍ എടയാറ്റൂരിലെ കാണാതായ ഒന്‍പതു വയസ്സുകാരനെ പ്രളയസമയത്ത് കടലുണ്ടിപ്പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ പിതൃസഹോദരന്‍ അറസ്റ്റില്‍. എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദാണ് അറസ്റ്റിലായത്. മലപ്പുറം എടയാറ്റൂരിലെ നാലാം ക്ലാസ് വിദ്യാര്‍ഥി ഷഹീനെയാണ് മുഹമ്മദ് പുഴയിലെറിഞ്ഞത്. എടയാറ്റൂര്‍ ഡിഎന്‍എം എയുപി സ്‌കൂള്‍ വിദ്യാര്‍ഥിയും എടയാറ്റൂര്‍ മങ്കരത്തൊടി അബ്ദുല്‍സലാം -ഹസീന ദമ്പതികളുടെ മകനുമാണ് മുഹമ്മദ് ഷഹിന്‍

13നാണ് ഷഹിനെ കാണാതായത്. പിതാവിന്റെ സഹോദരന്‍ കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് സ്‌കൂളിനു സമീപത്തുനിന്നു ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ തടങ്കലില്‍ വച്ച്, അബ്ദുല്‍ സലാമിന്റെ കൈവശമുള്ള പണം ആവശ്യപ്പെടാനായിരുന്നു നീക്കമെന്നാണു വിവരം. കുട്ടിയുടെ പിതാവില്‍നിന്നു പണം തട്ടാനാണ് തട്ടിക്കൊണ്ടുപോയതെന്നും ആനക്കയം പാലത്തില്‍ കൊണ്ടുപോയി കുട്ടിയെ താഴേക്കിടുകയായിരുന്നു എന്നുമാണു പ്രതി പൊലീസിനു മൊഴി നല്‍കിയത്. പകല്‍ മുഴുവന്‍ ബൈക്കില്‍ കറങ്ങി. പുതിയ ഷര്‍ട്ട് വാങ്ങി, യൂണിഫോം മാറ്റി സ്‌കൂള്‍ ബാഗിലിട്ടു. സിനിമ കാണിച്ചും ഭക്ഷണം വാങ്ങിക്കൊടുത്തും രാത്രി രഹസ്യകേന്ദ്രത്തിലേക്കു മാറ്റാനായിരുന്നു മുഹമ്മദിന്റെ നീക്കം.

കുട്ടിയെ കാണാതായ വിവരം ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പിടിക്കപ്പെടുമെന്ന് അറിഞ്ഞതോടെ അന്നു രാത്രി പത്തോടെ, ആനക്കയം പാലത്തിലെത്തിച്ചു പുഴയിലേക്കു തള്ളിയിടുകയായിരുന്നു.

ബൈക്കില്‍ കുട്ടിക്കൊപ്പം മുഹമ്മദ് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലിസ് ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. മൃതദേഹം കണ്ടെത്താന്‍ ഫയര്‍ ഫോഴ്സ്, പൊലിസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍  തുടരുകയാണ്.

Malappuram, Kerala, news, Murder case, arrest, Murder case; accused arrested.