നാളെ അര്‍ധരാത്രി മുതല്‍ മോട്ടോര്‍ വാഹനപണിമുടക്ക്


തിരുവനന്തപുരം ഓഗസ്റ്റ് 05-2018 • ആൾ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച അര്‍ധരാത്രി വരെ മോട്ടോര്‍ വാഹനങ്ങള്‍ പണിമുടക്കും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി നിയമം പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പുനപരിശോധിക്കുക, പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. മാനേജ്മെന്റിന്റെ പരിഷ്‌കരണ നടപടികള്‍ക്കെതിരെ കെഎസ്‌ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളും പണിമുടക്കുന്നുണ്ട്. ഓട്ടോ, ടാക്സി, ചരക്കു വാഹനങ്ങള്‍, സ്വകാര്യ ബസ് തുടങ്ങിയ വാഹനങ്ങളും പണിമുടക്കില്‍ പങ്കാളികളാകും.

മോട്ടോര്‍ വാഹന ഭേദഗതി ബില്ല് പാസായാല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ പൂര്‍ണമായും തകരുമെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ചാണ് കെഎസ്‌ആര്‍ടിസിയില്‍ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
all, india, strike, kerala, strike,