മൊഗ്രാൽ സ്‌കൂൾ മികവിന്റെ കേന്ദ്രമായി അന്താരാഷ്ട്രനിലവാരത്തിലേക്ക്; ശിലാസ്ഥാപനം 17 ന്


മൊഗ്രാൽ ഓഗസ്റ്റ് 13 -2018 • മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും മികവിന്റെ കേന്ദ്രമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള തയ്യാറെടുപ്പിലാണ് നൂറുവർഷം പിന്നിട്ട മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം ഓഗസ്റ്റ് 17 ന് ഉച്ചയ്ക്ക് ശേഷം മഞ്ചേശ്വരം എം. എൽ. എ, പി. ബി. അബ്ദുൽ റസാഖ് നിർവ്വഹിക്കും. 

ഓരോ മണ്ഡലത്തിൽ നിന്നും ഒരു സ്ക്കൂളിനെ ഇത്തരത്തിൽ ഭൗതിക, അക്കാദമിക വികസന മാതൃകയിലേക്ക് ഉയർത്തുന്നതിനായി അഞ്ച് കോടി രൂപയാണ് സർക്കാർ നൽകുന്നത്. മൊഗ്രാൽ സ്ക്കൂളിന്റെ പുതിയ കെട്ടിടങ്ങൾക്കായി പ്രഥമഘട്ടത്തിൽ ഏകദേശം 8 കോടിയോളം രൂപയുടെ പദ്ധതിയാണ് ഒരുക്കിയിട്ടുള്ളത്. ശേഷിക്കുന്ന തുക എം.പി , എം.എൽ.എ , ജില്ലാ പഞ്ചായത്ത് , പൊതുജനങ്ങൾ തുടങ്ങിയ വിവിധ സ്രോതസ്സുകളിൽ  നിന്ന് ശേഖരിക്കുക എന്നാണ് സർക്കാർ നിർദ്ദേശം. 

ശിലാസ്ഥാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി. ബഷീർ അധ്യക്ഷത വഹിക്കും. ചടങ്ങിനു മുന്നോടിയായി മൊഗ്രാൽ നഗരത്തിൽ വിളംബരഘോഷയാത്ര നടക്കും. ഘോഷയാത്രയിൽ നാടിന്റെ കലാ-സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന പരിപാടികൾ അരങ്ങേറും. നാട്ടിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.Mogral School to Become a Center of Excellence to International Standards The foundation stone laying ceremony is on 17th