എം.കെ.സ്റ്റാലിന്‍ ഡി.എം.കെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു; വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ ചുമതലയേൽക്കും


ചെന്നൈ: ഓഗസ്റ്റ് 28.2018. ഡി.എം.കെ അദ്ധ്യക്ഷനായി കരുണാനിധിയുടെ മകന്‍ എം.കെ.സ്റ്റാലിന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ ഒമ്പതിന് പാര്‍ട്ടി ആസ്ഥാനമായ അണ്ണാഅറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. പാര്‍ട്ടി മുതിര്‍ന്ന നേതാവ് എസ്. ദുരൈമുരുഗനെ ഖജാന്‍ജിയായും തിരഞ്ഞെടുത്തു. വൈകിട്ടു നടക്കുന്ന ചടങ്ങിലാകും സ്റ്റാലിന്‍ ചുമതലയേല്‍ക്കുക.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.അന്‍പഴഗനാണ് സ്റ്റാലിന്‍ വിജയിച്ചതായി പ്രഖ്യാപിച്ചത്. 1037 പത്രികകളാണ് സ്റ്റാലിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടത്. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്റ്റാലിനല്ലാതെ മറ്റാരും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നില്ല. പത്രികകളില്‍ ഡി.എം.കെ.യുടെ 65 ജില്ലാസെക്രട്ടറിമാര്‍ നിര്‍ദേശകരായി ഒപ്പുവെച്ചിരുന്നു. മറ്റുനടപടിക്രമങ്ങളില്ലാതെതന്നെ സ്റ്റാലിന്‍ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരുന്നു.

2017 ജനുവരിയിലാണ് സ്റ്റാലിന്‍ വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്. ഡി.എം.കെ.യുടെ നേതൃസ്ഥാനം കരുണാനിധി സ്റ്റാലിനെ ഏല്‍പ്പിക്കുകയായിരുന്നു. അന്ന് പാര്‍ട്ടി ഖജാന്‍ജിയായിരുന്നു സ്റ്റാലിൻ. വര്‍ക്കിങ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും ഖജാന്‍ജിയായി തുടരുകയും ചെയ്തു.

ഖജാന്‍ജി സ്ഥാനത്തേക്ക് നിയമിതനാകുന്ന ദുരൈമുരുഗന് നിലവില്‍ പാര്‍ട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. അദ്ദേഹം ഖജാന്‍ജിയാകുന്നതോടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ഒഴിവുവരും. എന്നാല്‍ ഉടന്‍ നിയമനമുണ്ടാകില്ലെന്നാണറിയുന്നത്.

news, ദേശീയം, ചെന്നൈ, M.K Stalin, Selected, M K Stalin elected DMK president.