മൊഗ്രാൽ റഹ്മത്ത് നഗർ നടുപ്പളം റോഡ് വികസനം; പരസ്പര ആരോപണങ്ങളുമായി ലീഗും സി പി എമ്മും


മൊഗ്രാൽ ഓഗസ്റ്റ് 05-2018 • മൊഗ്രാൽ റഹ്മത്ത് നഗർ നടുപ്പളം റോഡ് വികസനവുമായി ബന്ധപ്പെട്ട് പരസ്പര ആരോപണങ്ങളുമായി ലീഗും സി പി എമ്മും രംഗത്ത്. ഈ റോഡിന് വേണ്ടി 24 ലക്ഷം രൂപ പാസാവുകയും ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തിരുന്നു. ഇത് നാട്ടുകാരും മുസ്ലിം ലീഗും കുമ്പള ഗ്രാമ പഞ്ചായത്തും എം എൽ എ യും ഇടപെട്ട് പാസ്സാക്കിയെടുത്തതാണെന്നാണ് ലീഗിന്റെ വാദം. മാത്രമല്ല, പണി ആരംഭിക്കാൻ സ്ഥലം സന്ദർശിച്ചവരെ സി പി എം ബ്രാഞ്ച് സെക്രട്ടറിയായ ജംഷാദ് ഇത് ഞങ്ങളുടെ സ്ഥലമാണെന്ന് പറഞ്ഞ് പണി തുടങ്ങാൻ അനുവദിക്കാതെ തിരിച്ചയക്കുകയും ഹാർബർ എഞ്ചിനീയറിങ് ഡിപാർട്ട്മെന്റിലേക്ക് ബന്ധുവിനെക്കൊണ്ട് പരാതി കൊടുപ്പിക്കുകയും ചെയ്തതായി മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ നിയാസും ജംഷീറും ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങളെ സി പി എം ബണ്ണാത്തം കടവ് ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ജംഷാദ് നിഷേധിച്ചു. മാത്രമല്ല സി പി എം ബ്രാഞ്ച് സെക്രട്ടറി എന്ന നിലക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരദേശ റോഡ് എന്ന നിലക്ക് ഹാർബർ എഞ്ചിനീയറിങ് ഡിവിഷൻ കാസറഗോഡ് സ്പെഷ്യൽ പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ചതാണ് 24 ലക്ഷം രൂപയെന്നും ജംഷാദ് പറഞ്ഞു. മുസ്ലിം ലീഗിന്റെ സഹായത്തോടെ പാർട്ടിക്കാരനായ ഒരാൾ റോഡിന്റെ സ്ഥലം കൈയേറിയതായും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് ക്ഷമാപണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
mogral, koppalam, road, development, news, mogral, kasaragod, kumbla,