അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; 26 മരണം; 22 ഡാമുകള്‍ തുറന്നു



10.08.2018

തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണ് നില നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാനതകളില്ലാത്ത മഴക്കെടുതിയാണ് കേരളം ഇപ്പോള്‍ നേരിടുന്നത്. ദുരിതബാധിതര്‍ക്ക് എല്ലാ സഹായങ്ങളുമെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനം സജ്ജമാണ്. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.
മഴക്കെടുതിയില്‍ 26 മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇടുക്കിയില്‍ 11 പേരും മലപ്പുറത്ത് ആറ് പേരും മരിച്ചു. കോഴിക്കോട് രണ്ട് പേരും വയനാട്ടില്‍ ഒരാളും മഴക്കെടുതിയില്‍ മരണപ്പെട്ടു.
22 ഡാമുകള്‍ ഒരുമിച്ചു തുറക്കേണ്ട അവസ്ഥ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നത് കൂടാതെ കക്കി ഡാമും ഉടനെ തുറക്കും. കക്കി ഡാം തുറന്നാല്‍ ആലപ്പുഴയിലും കുട്ടനാട്ടിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു ഡാമുകളിലേക്കും ശക്തമായ നീരൊഴുക്ക് തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

അപകടസാധ്യത മുന്‍നിര്‍ത്തി ഡാമുകളിലേക്കും പുഴയോരങ്ങളിലേക്കും പൊതുജനങ്ങള്‍ പോകരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തകര്‍ മാത്രമേ ഇവിടേയ്ക്ക് പോകാവൂ. വെള്ളം പൊങ്ങുന്ന സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികളും പോകരുത്. നിലവില്‍ ഹൈറേഞ്ചിലും മറ്റുമുള്ളവര്‍ ജാഗ്രത പാലിക്കണം.

കര്‍ക്കിടകവാവ്വുബലി ചടങ്ങുകളില്‍ പങ്കെടുക്കുന്നവരും ജാഗ്രത പാലിക്കണം. അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനനടപടി സ്വീകരിക്കണമെന്ന് പൊലീസിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായി ചര്‍ച്ചനടത്തിയെന്നും നിലവിലെ പ്രശ്‌നങ്ങള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും നിരീക്ഷണത്തിനുമായി അഡി.സെക്രട്ടറി പി.എച്ച്.കുര്യന്‍ നേത്യത്വത്തില്‍ പ്രത്യേക സമിതി പ്രവര്‍ത്തിക്കും.

ജില്ലകളില്‍ കളക്ടര്‍മാര്‍ രക്ഷാപ്രവര്‍ത്തനം എകോപിപ്പിക്കും. ഒരോ ജില്ലയിലേയും മഴക്കെടുതി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല ഓരോ മന്ത്രിമാരെ ഏല്‍പിക്കും.
ഈ സാഹചര്യത്തില്‍ ദുരന്തനിവാരണത്തിനായി കരസേന,വ്യോമസേന, നാവികസേന, ദുരന്തനിവാരണസേന എന്നിവയുടെ സഹായം തേടിയിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്,വയനാട് ജില്ലകളിലേക്ക് സൈന്യം ഇതിനോടകം നീങ്ങി കഴിഞ്ഞു.

കനത്ത മഴയെത്തുടര്‍ന്ന് വയനാട്ടില്‍ ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ അതീവ ജാഗ്രതാനിര്‍ദേശമാണു പുറപ്പെടുവിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നാവികസേനയുടെ മൂന്നു സംഘവും ഹെലിക്കോപ്റ്ററും രംഗത്തുണ്ട്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലും വയനാട് ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടു.
മലമ്പുഴ അണക്കെട്ടിനു സമീപം ഉരുള്‍പൊട്ടിയതിനു പിന്നാലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

News, Kerala, Pinarayi Vijayan, Dam, Heavy rain, Death, Kerala floods: 26 killed, Idukki dam gates opened