നാല് ദിവസത്തിനകം കുഴിയടച്ച് പണി ആരംഭിക്കുമെന്ന് പറഞ്ഞ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടില്ല; കാസർകോട് -തലപ്പാടി ദേശിയപാത യാത്ര ദുസ്സഹം


കാസർകോട്: ഓഗസ്റ്റ് 12.2018. ജൂലൈ 22 ന് ദേശിയ പാതയിൽ കൂട്ട വാഹനാപകടത്തിൽ പെട്ട് രണ്ട് കുരുന്നുകൾ മരിച്ചതോടെ ശക്തമായ ജനരോഷത്തിന് മുന്നിൽ നാല് ദിവസം കൊണ്ട് റോഡ് നന്നാക്കുമെന്ന വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടില്ല. ജൂലൈ 23ന് എം.എൽ.എ പൊതുമരാമത്ത് ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പെർവാട് അണങ്കൂർ ദേശിയ പാതക്ക് പതിനേഴ് ലക്ഷം അനുവദിച്ചത് പര്യാപ്തമല്ലാത്തതിനാൽ 75 ലക്ഷമായി ഉയർത്തി ഭരണാനുവദി നേടിയിരുന്നു.

തുടർന്ന് നാല് ദിവസം കൊണ്ട് പണി തുടങ്ങുമെന്ന് എം.എൽ.എ വാഗ്ദാനവും നൽകിയിരുന്നു. നാല് ദിവസം കഴിഞ്ഞപ്പോൾ നടപടിക്രമത്തിന് സമയമെടുക്കുമെന്നും ആഗസ്റ്റ് മൂന്നാം തീയതി പണി തുടങ്ങുമെന്നും അറിയിച്ചിരുന്നു. നാലാം തീയതി പണി തുടങ്ങിയ പ്രതീതി സൃഷ്ടിച്ച് കരാറുകാരനും പൊതുമരാമത്ത് ഉദ്യോഗസ്ഥരും കാസറഗോഡ് മുതൽ തലപ്പാടി വരെ ദേശിയ പാതയിൽ മെറ്റൽ (ജി.എസ്.പി) ഇറക്കി കുഴി നികത്തുമെന്ന പറഞ്ഞിരുന്നു. പക്ഷെ ഏതാനും ഭാഗത്ത് മാത്രമാണ് കുഴി നികത്തിയത്. ഇപ്പോൾ ആഗസ്റ്റ് 12 ആയിട്ടും കാസർകോട് മംഗലാപുരം പാത തഥൈവ.

പലരും ഈ ഭാഗത്ത് യാത്ര ഒഴിവാക്കുകയോ വഴി തിരിച്ച് പോകുകയോ ആണ് ചെയ്യുന്നത്. പെർവാട് മുതൽ അണങ്കൂർ വരെ വെറും 11 കിലോമീറ്ററിന് 75 ലക്ഷം ആണ് അനുവദിച്ചിട്ടുള്ളത്.  ഈ തുക നല്ല നിലയിൽ തന്നെ റീ ടാറിംഗ് നടത്തുന്നതിന് പര്യാപ്തമാണെന്നാണ് പല വിദഗ്ധ കരാറുകാരും പറയുന്നത്. ഈ പതിനൊന്ന് കിലോമീറ്ററിൽ ചില ഭാഗം മാത്രമാണ് പൂർണ്ണമായും തകർന്നത്. മഴക്കാലത്തും ചെയ്യാൻ പറ്റുന്ന പ്രത്യേക പശ (adhesive) ഉപയോഗിച്ച് ടാറിംഗ് ആണ് നടത്തേണ്ടത്. കഴിഞ്ഞ ഒരാഴ്ച മഴ മാറി നിന്നിട്ടും പണി ചെയ്യാനോ കുഴി ശരിയായ രൂപത്തിലോ അടക്കാൻ കരാറുകാർ തയ്യാറാവാത്തത് നാട്ടുകാരിൽ പരക്കെ അമർഷ്ത്തിനിടയാക്കിയിട്ടുണ്ട്.

കരാറുകാരും ഉദ്യോഗസ്ഥരും തമ്മിൽ നടത്തുന്ന അവിഹിത ഇടപാടാണ് റോഡ് പണിയിലെ കൃത്രിമമെന്ന് നാട്ടുകാർ സ്വാഭാവികമായും സംശയിക്കുന്നു.

Kasaragod-Thalappady road damaged, Kasaragod, Kerala, News, royal-fur-ad.