കന്നഡ അധ്യാപക നിയമനവിവാദം താല്ക്കാലിക പരിഹാരമായി


മംഗൽപാടി : ഓഗസ്റ്റ് 30.2018. കഴിഞ്ഞ ഒരു മാസത്തിലധികമായി കന്നഡ മാധ്യമം (ഗണിതo) തസ്തികയിൽ യോഗ്യനല്ലാത്ത മലയാളം അധ്യാപകനെ നിയമിച്ചതുമായി ബന്ധപ്പെട്ട്  ബഹു. ജില്ലാ പഞ്ചായത്ത് ഡവലപ്പ് മന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസൺ ശ്രീമതി ഫരീദ സക്കീറിന്റെയും പി.ടി.എ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണ അമ്പാറിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന സമരത്തിന് താല്ക്കാലിക വിരാമമായി. കന്നഡ പഠിക്കുന്നതിനായി അധ്യാപകൻ തുടർച്ചയായി നാല് മാസം ലീവിൽ പ്രവേശിച്ചതിനാലാണിത്.

വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, ജില്ലാ കലക്ടർ, രാഷ്ടീയ കക്ഷി നേതാക്കൾ , കന്നഡ പോരാട്ട സമിതി, കന്നഡ മാധ്യമ അധ്യാപക സമിതി, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങി പ്രസ്തുത വിഷയത്തിന്റെ ഗൗരവം ജനഹൃദയങ്ങളിൽ എത്തിക്കാനും തുടരെത്തുടരെ വിദ്യാലയ സന്ദർശനവും രക്ഷിതാക്കളുമായുള്ള അഭിമുഖങ്ങളും സംഘടിപ്പിക്കാനും സമരം വൻ വിജയമാക്കിത്തീർക്കാനും ശ്രീമതി ഫരീദ സക്കീറിനും ശ്രീബാലകൃഷ്ണ അമ്പാറിനും സാധിച്ചു. 

അധ്യാപകൻ ലീവിൽ പ്രവേശിക്കാത്ത പക്ഷം പ്രശ്നം തീരുന്നതുവരെ സ്കൂൾ കവാടത്തിൽ കുത്തിയിരുപ്പ് സമരം നടത്താൻ പോവുകയാണ് എന്ന ഫരീദാ സക്കീറിന്റെയും ബാലകൃഷ്ണ അമ്പാറിന്റയും കടുത്ത നിലപാടുകളും രക്ഷിതാക്കളുടെ കൂട്ടായ്മയുമാണ് സമര വിജയത്തിന് കാരണമായത്.

ഇത് താല്ക്കാലിക വിജയമാണെന്നും ഇത്തരം അനീതികൾക്കെതിരെ പോരാട്ടം തുടരുമെന്നും ഫരീദാ സക്കീർ തിങ്ങിക്കൂടിയ ജനാവലിയെ സാക്ഷി നിർത്തി പറഞ്ഞു. പി ടി എ പ്രസിഡണ്ട്  സമരത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദി പറഞ്ഞു.

Kannada Teacher appointment issue solved, Kasaragod, Kerala, news, skyler-ad, Kannada Teacher, Appointment issue.