അശ്വാഭ്യാസത്തിൽ ഇന്ത്യയ്ക്ക് വെള്ളി; ബാഡ്മിന്റണിൽ സൈന നെഹ്‌വാൾ സെമിഫൈനലിൽ


ജക്കാര്‍ത്ത: ഓഗസ്റ്റ് 26.2018. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിവസത്തില്‍ ഇന്ത്യയ്ക്ക് 'ഇരട്ട വെള്ളി'യുടെ നേട്ടം. അശ്വാഭ്യാസം വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി മെഡല്‍ നേടിയത്. വ്യക്തിഗത ഇനത്തില്‍ ഫവാദ് മിര്‍സയാണ് ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ സമ്മാനിച്ചത്. ഫവാദ് മിര്‍സ കുതിരകൾക്കൊപ്പമുള്ള യാത്ര അഞ്ചു വയസുള്ളപ്പോൾ മുതലേ തുടങ്ങിയിരുന്നു. 1982 ൽ ഈ ഇനത്തില്‍ ഇന്ത്യയുടെ രഘുഭീർ സിംഗ് വെള്ളി നേടിയിരുന്നു.

ഇന്ത്യന്‍ താരം സൈന നെഹ്വാള്‍ ചരിത്രമെഴുതി ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സെമിഫൈനലില്‍ കടന്നു. തായ്ലന്‍ഡിന്റെ ലോക നാലാം നമ്പര്‍ താരം റാച്ചനോക് ഇന്റനോണിനെ വീഴ്ത്തിയാണ് സൈനയുടെ സെമിപ്രവേശം. സ്‌കോര്‍: 21-18, 21-16. ഇതോടെ സൈന വെങ്കലമെഡല്‍ ഉറപ്പാക്കി. ബാഡ്മിന്റന്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്. ലോക ഒന്നാം നമ്പര്‍ താരമായ തായ്വാന്റെ തായ് സൂ യിങ്ങാണ് സെമിയില്‍ സൈനയുടെ എതിരാളി.

അമ്പെയ്ത്ത് വനിതാ വിഭാഗം കോംപൗണ്ട് ടീം ഇനത്തിലും വെള്ളി മെഡല്‍ ഉറപ്പാക്കി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. മുസ്‌കന്‍ കിരര്‍, മധുമിത, ജ്യോതി എന്നിവരുള്‍പ്പെട്ട ടീമാണ് ഫൈനലില്‍ കടന്നത്. ചൈനീസ് തായ്‌പേയിക്കെതിരെ 225-222 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

വനിതാ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജൗന മുര്‍മുര്‍, മലയാളി താരം അനു രാഘവന്‍ എന്നിവര്‍ ഫൈനലില്‍ കടന്നു. തിങ്കളാഴ്ചയാണ് ഫൈനല്‍. മലയാളി താരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന് സുവര്‍ണ പ്രതീക്ഷയോടെ ഒരുപിടി താരങ്ങള്‍ അത്‌ലറ്റിക്‌സിലും ഇന്ന് ഫൈനലിന് ഇറങ്ങുന്നുണ്ട്. മലയാളി താരങ്ങളായ മുഹമ്മദ് അനസ് (400 മീറ്റര്‍), ശ്രീശങ്കര്‍ (ലോങ് ജംപ്), യുവ വിസ്മയം ഹിമാ ദാസ് (400 മീറ്റര്‍) തുടങ്ങിയവരെല്ലാം ഇന്ന് മെഡല്‍ തേടി ട്രാക്കിലിറങ്ങും.

ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് 31 മെഡലുകളായി.

World, news, sports, Badminton, Medal, silver, India's Fouaad Mirza wins equestrian silver at Asian Games.