400 മീറ്ററിൽ വെള്ളി സ്വന്തമാക്കി ഹിമ ദാസും മുഹമ്മദ് അനസുംജക്കാര്‍ത്ത: ഓഗസ്റ്റ് 26.2018. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും വെള്ളി മെഡല്‍ സമ്മാനിച്ച് പുരുഷവിഭാഗത്തില്‍ മലയാളി താരം മുഹമ്മദ് അനസും വനിതകളില്‍ പതിനെട്ടുകാരി ഹിമ ദാസും. 400 മീറ്റര്‍ ഓട്ടത്തിലാണ് ഇരുവരും വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 400 മീറ്ററില്‍ ഹിമ ദേശീയ റെക്കോര്‍ഡോടെ 50.79 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് മെഡല്‍ കരസ്ഥമാക്കിയത്. 45.69 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് അനസ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. പുരുഷ വിഭാഗത്തില്‍ ഖത്തറിന്റെ അബ്ദലേല ഹസന്‍ (44.89) സ്വര്‍ണവും ബഹ്‌റൈന്റെ അലി ഖാമിസ്സ് വെങ്കലവും (45.70), വനിതകളില്‍ ബഹ്‌റൈന്റെ സല്‍വ ഈദ് നാസറും (50.09) സ്വര്‍ണവും കസഖിസ്ഥാന്റെ എലീന മിഖീന (52.63) വെങ്കലവും നേടി.

പുരുഷവിഭാഗത്തില്‍ മല്‍സരിച്ച മറ്റൊരു ഇന്ത്യ താരം ആരോക്യ രാജീവ് 45.84 സെക്കന്‍ഡില്‍ ഓടിയെത്തി നാലാം സ്ഥാനത്തെത്തി. വനിതാ വിഭാഗത്തില്‍ ഹിമയ്‌ക്കൊപ്പം ഓടിയ മറ്റൊരു ഇന്ത്യന്‍ താരം നിര്‍മല ഷിയറനും 52.96 സെക്കന്‍ഡില്‍ മല്‍സരം പൂര്‍ത്തിയാക്കി നാലാമതായി. നേരത്തെ, അശ്വാഭ്യാസം വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ഇന്ത്യ വെള്ളി മെഡല്‍ നേടിയിരുന്നു. വ്യക്തിഗത ഇനത്തില്‍ ഫവാദ് മിര്‍സയാണ് ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ സമ്മാനിച്ചത്. 1982നു ശേഷം ഈ ഇനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്. ഇതോടെ, ഏഴു സ്വര്‍ണവും ഒന്‍പതു വെള്ളിയും 19 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് 35 മെഡലുകളായി.

World, sports, news, India, Silver, India wins silver medal in 400 meter.