സംസ്ഥാനത്ത് കാലവർഷം ദുരിതം വിതച്ചു; ഇന്ന് ഇരുപത് പേർ മരിച്ചു; നിരവധി പേരെ കാണാതായി ; സംസ്ഥാനത്ത അസാധാരണ സാഹചര്യമെന്നു മുഖ്യമന്ത്രി; മധ്യകേരളത്തിലും വടക്കൻ കേരളത്തിലും സ്ഥിതി ആശങ്കാജനകം


കോഴിക്കോട്: ഓഗസ്റ്റ് 09  -2018 •  സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 20 പേര്‍ മരിച്ചു. നിലമ്പൂര്‍, വൈത്തിരി, ഇടുക്കി കഞ്ഞിക്കുഴി, പാലക്കാട് കഞ്ചിക്കോട്, വയനാട് കുറിച്യര്‍മല എന്നിവടങ്ങളിലെല്ലാം ഉരുള്‍പൊട്ടി. അടിമാലിയില്‍ മണ്ണിടിച്ചിലില്‍ ഒരുകുടുംബത്തിലെ അഞ്ച് പേരും കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് പേരും മരിച്ചു. കോഴിക്കോട് 
മട്ടിക്കുന്ന് കണ്ണപ്പന്‍ക്കുണ്ടില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പുഴ വഴിമാറി ഒഴുകി വ്യാപക നാശം 
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയംപാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായി. പറമ്പില്‍ സുബ്രഹ്മണ്യന്‍ എന്ന കുട്ടന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. സുബ്രഹ്മണ്യന്റെ മാതാവ് കുഞ്ഞി (50), ഭാര്യ ഗീത (24), മക്കളായ നവനീത് (9) നിവേദ് (3), ബന്ധു മിഥുന്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. സുബ്രഹ്മണ്യനായി (30)തിരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം. 
ഉരുള്‍പൊട്ടലുണ്ടായി കുത്തിയൊലിച്ചെത്തിയ മലവെള്ളപാച്ചിലില്‍ ഇവര്‍ ഒലിച്ചുപോവുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു . പല സ്ഥലങ്ങളും ഒറ്റപ്പെട്ടുപോയിട്ടുണ്ട്. ഗതാഗതം പരക്കെ തടസപ്പെട്ടു. 
വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്. താമരശ്ശേരി, പാല്‍ച്ചുരം, കുറ്റ്യാടി ചുരങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വയനാട് കുറിച്യര്‍മലയില്‍ ഉരുള്‍പൊട്ടി. കനത്ത മഴ തുടരുന്ന വയനാട് വൈത്തിരിയിലും ഉരുള്‍പൊട്ടി . വയനാട് തോണി മറിഞ്ഞു നാല് പേരെ കാണാതായി. തിരച്ചിൽ തുടരുന്നു 

ഇടുക്കിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 11 പേര്‍ മരിച്ചു. ഏഴ് പേരെ കാണാതായി. ദേവികുളം താലൂക്കിലെ മന്നംകണ്ടത്ത് മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേരെ കാണാതായി. ദേവികുളം താലൂക്കിലെ മന്നംകണ്ടത്ത് മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേര്‍ മരിച്ചു. ഇതില്‍ പാത്തുമ്മ (65), മുജീബ് (38), ഷമീന (35)നിയ (7) മിയ (5) എന്നീ അഞ്ച് പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. കൊരങ്ങട്ടില്‍ മോഹനന്‍ കുറുമ്പനക്കല്‍ (52), ഭാര്യ ശോഭന (41) എന്നിവരാണ് മരിച്ച രണ്ടുപേര്‍ 

ഇടുക്കി താലൂക്കിലെ രാജപുരം ക്രിസ്തുരാജ് എല്‍.പി സ്‌കൂളിനു സമീപം ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി. കരികുളത്തില്‍ വീട്ടില്‍ മീനാക്ഷി അവരുടെ മകന്‍ രാജന്‍, മകള്‍ ഉഷ എന്നിവരെയാണ് കാണാതായത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി അനൗദ്യോഗിക വിവരമുണ്ട്. കഞ്ഞിക്കുഴി വിലേജ് ചുരുളില്‍ ഉരുള്‍ പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു. 

സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.റെവെന്റ് ഉദ്യോഗസ്ഥരോട് സജ്ജരായിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു അടിയന്തര സഹാഹാര്യവും നേരിടാൻ വകുപ്പുകളെ ഒരുക്കിയിട്ടുണ്ട്.