കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ശക്തമായ കാറ്റിന് സാധ്യതതിരുവനന്തപുരം: ഓഗസ്റ്റ് 14.2018. കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനും സാധ്യത. നാളെ മുതല്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാന്‍ ഇടയുണ്ട്. അതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. നീരൊഴുക്കു ശക്തമായതിനാല്‍ അണക്കെട്ടുകളെല്ലാം തുറന്നനിലയില്‍ തന്നെ തുടരുന്നു. സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടി വ്യാപക കൃഷിനാശമുണ്ടായി. ആളപായമില്ല.


ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.96 അടിയിലേക്കു താഴ്ന്നു. അതോടെ രണ്ടു ഷട്ടറുകള്‍ ഇന്നലെ വൈകിട്ട് അടച്ചു. ബാക്കി മൂന്നു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം താഴ്ത്തി. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135.30 അടിയായി ഉയര്‍ന്നെങ്കിലും പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്.
ഇടുക്കി നെടുങ്കണ്ടം കൈലാസപ്പാറയില്‍ ഉരുള്‍പൊട്ടി കൃഷിക്ക് നാശമുണ്ടായി.

വയനാട്ടില്‍ കനത്ത മഴ തുടരുന്നു. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതോടെ മേഖലയില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്ടിലേക്ക് നാവിക സേനയുടെ ഒരു സംഘത്തെയും അയച്ചു.

പത്തനംതിട്ട ജില്ലയില്‍ പമ്പ, കക്കി ആനത്തോട് അണക്കെട്ടുകളുടെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ഇതോടെ നദീതീരം വ്യാപകമായി ഇടിഞ്ഞുതാണു. വൈദ്യുതിയും ജലവിതരണവും മുടങ്ങി. കോഴിക്കോട്ട് തിരുവമ്പാടി മറിപ്പുഴയില്‍ ഉരുള്‍പൊട്ടി താല്‍ക്കാലിക നടപ്പാലം ഒഴുകിപ്പോയി. ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞു.

പാലക്കാട് ജില്ലയില്‍ മൈലാടിപ്പാറയില്‍ ഉരുള്‍പൊട്ടി. അണക്കെട്ടിലെ നാലു ഷട്ടറുകളും തുറന്നിരിക്കുന്നു. വാളയാര്‍, ചുള്ളിയാര്‍ അണക്കെട്ടുകള്‍ തുറക്കാനൊരുങ്ങുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പന്തീരായിരമേക്കര്‍ മലവാരത്തില്‍ മൂലേപ്പാടം പത്താം ബ്ലോക്കിലും ആഢ്യന്‍പാറയ്ക്കു മീതെ വെള്ളരിമലയിലും ഉരുള്‍പൊട്ടി. കണ്ണൂരില്‍ മലയോരത്ത് ശക്തമായ മഴ തുടരുന്നു.

Kerala, news, Thiruvananthapuram, Heavy rain, Wind, Alert, Heavy rains continue in kerala; possibility of strong wind.