കനത്ത മഴ: തൃശൂരില്‍ ഇന്ന് 19 മരണം; പത്തു പേരെ കാണാതായി


തൃശൂര്‍: ഓഗസ്റ്റ് 16.2018. തൃശ്ശൂരില്‍ ഇന്നു മാത്രം മരിച്ചവരുടെ എണ്ണം 19 ആയി. പത്തു പേരെ കാണാതായി. കാണാതായവരെല്ലാം മണ്ണിനടിയില്‍പെട്ടവരാണ്. മുളങ്കുന്നത്തുകാവിനടുത്തു കുറാഞ്ചേരിയില്‍ മണ്ണിടിച്ചില്‍പ്പെട്ടു മരിച്ച 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ മൂന്നു പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. ഇനിയും ഏഴു പേരെ കണ്ടെത്താനുണ്ടെന്നാണു കരുതുന്നത്. നേരത്തെ, കാണാതായ രണ്ടുപേര്‍ മണ്ണിനടിയില്‍നിന്നു ഫോണില്‍ സന്ദേശം നല്‍കിയിരുന്നു. ഇവരുടെ മൃതദേഹമാണോ കണ്ടെത്തിയതെന്നു വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലില്‍പെട്ട് ഒലിച്ചുപോയ നാലു വീടുകളിലുള്ളവരെയാണു കാണാതായത്.

രണ്ടു വീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. പത്തോളം മണ്ണുമാന്ത്രി യന്ത്രങ്ങള്‍ ശ്രമിച്ചിട്ടും ഇതുവരെ മണ്ണു നീക്കാനായിട്ടില്ല. വീടിന്റെ മേല്‍ക്കൂര മാത്രമാണു പുറത്തു കാണുന്നത്. എരുമപ്പെട്ടിക്കടുത്തു മണ്ണിടിഞ്ഞു കാണാതായ മൂന്നുപേര്‍ക്കായും തിരച്ചില്‍ തുടരുകയാണ്.

അതിരപ്പിള്ളിക്കടുത്തു വെട്ടികുഴിയില്‍ ഉരുള്‍പൊട്ടി ഒരാള്‍ മരിച്ചു. പണ്ടാറന്‍പാറ രവീന്ദ്രന്റെ ഭാര്യ ലീല (62)യാണു മരിച്ചത്. പൂമലയില്‍ വീടു തകര്‍ന്നു രണ്ടു പേര്‍ മരിച്ചു. പൂമല മൂര്‍ക്കനാട്ടില്‍ അജി (28), ഷിജോ (31) എന്നിവരാണു മരിച്ചത്. കുറ്റൂരില്‍ റെയില്‍വേ ഗേറ്റിനു സമീപം വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു.

മാളയിലെ അന്നമനട, കുഴൂര്‍ പഞ്ചായത്തുകള്‍ ഒറ്റപ്പെട്ടു. രണ്ടിടത്തും ഹെലികോപ്റ്ററുകള്‍ എത്തിച്ചു നാട്ടുകാരെ ഒഴിപ്പിക്കാന്‍ ശ്രമം തുടങ്ങി. കൊടുങ്ങല്ലൂര്‍ ഭാഗത്തുമാത്രം 5000 പേര്‍ ക്യാംപുകളിലെത്തി. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട്  തൃശൂര്‍ ദേശീയപാതയില്‍ കുതിരാനില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്നു ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പാലക്കാട്ടേക്ക് ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍ വഴിയും പോകാനാകില്ല.

തൃശൂര്‍ ഷൊര്‍ണ്ണൂര്‍ റോഡില്‍ തൃശൂര്‍ നഗരത്തിനടത്തു വിയ്യൂരില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നു ഗതാഗതം ഭാഗികമായി നിലച്ചു. തൃശൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നുള്ള എല്ലാ ബസ് സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇവിടെനിന്നുള്ള എല്ലാ റൂട്ടിലും ഗതാഗതം തടസപ്പെട്ടു.

മണ്ണുത്തിക്കടത്തു താണിപ്പാടത്തും വഴക്കുംപാറയിലും മണ്ണിടിച്ചിലുണ്ടായി. പീച്ചി കനാലിലേക്കു മണ്ണിടിഞ്ഞതിനാല്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തകരാറിലായതിനെത്തുടര്‍ന്നു ഷട്ടറിന്റെ ചങ്ങലകള്‍ മുറിച്ചുമാറ്റി ഉയര്‍ത്തി.

ചാലക്കുടി ദേശീയ പാതയിലും വെള്ളം കയറിയ സാഹചര്യത്തില്‍ എറണാകുളം തൃശൂര്‍ ദേശീയപാതവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്നു നിര്‍ദ്ദേശം നല്‍കി. തൃശൂര്‍ നഗരത്തിലേക്കു എറണാകുളത്തുനിന്നും പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട്, തൃപ്രയാര്‍ ഭാഗത്തുനിന്നുമുള്ള ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു.

Kerala, news, Missing, Death, Heavy rain, Heavy rain: 19 dies in Thrissur.