സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി തൃശൂരില്‍ പിടിയില്‍


കോഴിക്കോട്: ഓഗസ്റ്റ് 25.2018. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി കൊടുവള്ളി സ്വദേശിയായ അബുല്ലൈസ് തൃശൂരില്‍ പിടിയില്‍. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) ആണ് ഇയാളെ പിടികൂടിയത്. തൃശൂരില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ബന്ധുവിന്റെ വിവാഹത്തിന് രഹസ്യമായി എത്തിയതായിരുന്നു അബുല്ലൈസ്. 2013 മുതല്‍ അബുല്ലൈസ് ഒളിവിലായിരുന്നു. ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ദുബൈയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സംഘത്തിലെ ഒന്നാം പ്രതി കൊടുവള്ളി പടനിലം ആരാമ്പ്രം മടവൂര്‍ എടായിപൊയില്‍ ടി.എം. ഷഹബാസിനെ 2015 ആഗസ്റ്റില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു മാസം ജയിലില്‍ കിടന്ന ഷഹബാസ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

രാജ്യത്തിന്റെ വിവിധ വിമാനത്താവളങ്ങള്‍ വഴിയും നേപ്പാള്‍ വഴിയും ഇയാള്‍ വിദേശത്ത് നിന്ന് സ്വര്‍ണം കടത്തിയെന്നാണ് കേസ്. ഉന്നത രാഷ്ട്രീയവൃത്തങ്ങളുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി ആരോപണമുണ്ടായിരുന്നു.

Kozhikkod, Kerala, news, Held, Gold smuggling case, Accused, Gold smuggling case; accused held.