ടാങ്കർ അപകടം; ലോറി മാറ്റാനുള്ള ശ്രമം തുടരുന്നു. ഉന്നത തല പോലീസ് സംഘവും, ഫയർഫോഴ്‌സും സ്ഥലത്തെത്തി. ഗതാഗതം നിലച്ചു. വൈദ്യുത ബന്ധം വിച്ഛേദിച്ചു


കുമ്പള ഓഗസ്റ്റ് 07-2018 •  കുമ്പളയിൽ ദേശീയ പാതയിലെ കുഴി വെട്ടിക്കുന്നതിനിടെ മറിഞ്ഞ ഗ്യാസ് ടാങ്കർ മാറ്റാനുള്ള ശ്രമം തുടരുന്നു. ചൊവാഴ്ച പുലർച്ചെ ഒന്നര മണിയോടെയാണ് കുമ്പള ഹനുമാൻ അമ്പലത്തിന് സമീപം ദേശിയ പാതയിൽ അപകടം സംഭവിച്ചത്. മംഗളൂരുവിൽ നിന്നും വരികയായിരുന്ന ടി എൻ - 88 - 6915 ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഉപ്പളയിൽ നിന്നും കാസറഗോഡ് നിന്നും ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി പരിശോധിച്ച് ചോർച്ച ഇല്ലെന്ന് ഉറപ്പ് വരുത്തിയിരുന്നു. ചോർച്ചയില്ലാത്തതിനാൽ വൻദുരന്തമാണ് ഒഴിവായത്. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി മുരുകേശൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ ടാങ്കർ മാറ്റാനുള്ള ശ്രമം ആരംഭിച്ചു. മുൻ കരുതലായി ഗതാഗതം വഴിതിരിച്ച് വിടുകയും, പ്രദേശത്തേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. ആരിക്കാടി ഓൾഡ് റോഡിലൂടെയാണ് ഇപ്പോൾ ഗതാഗതം വഴി തിരിച്ചു വിട്ടിരിക്കുന്നത്. ഇന്ന് മോട്ടോർ വാഹന പണിമുടക്കായതിനാൽ വാഹനങ്ങൾ കുറവായത് ആശ്വാസമായി. 

സംഭവ സ്ഥലത്ത് ഡിവൈഎസ്പി സുകുമാരൻ, കുമ്പള സി ഐ കെ .പ്രേംസദൻ, എസ ഐ ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും, ഉപ്പള ഫയർഫോഴ്‌സ്‌ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി സുരേഷ് കുമാർ, അനുപ് എ ആർ, പ്രവീൺ, വിനീഷ് കുമാർ, കെ ജെ സന്തോഷ്, നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്‌സും, നാട്ടുകാരും ചേർന്ന് ടാങ്കർ മാറ്റാനുള്ള ശ്രമം തുടരുന്നു. ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് സ്ഥലം സന്ദർശിച്ചു.

ദേശിയ പാതയിലെ കുഴിയിൽ വീണുള്ള അപകടം ഇവിടെ തുടർക്കഥയാണ്. ദേശീയ പാതയിലെ കുഴിയടക്കാൻ ആഴ്ച്ചകൾക്ക് മുമ്പ് തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ പിഡബ്ല്യൂഡിക്ക് നിവേദനം നൽകുകയും വിവിധതരത്തിലുള്ള സമര പരിപാടികൾ നടത്തുകയും ചെയ്തിരുന്നു. പല മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അധികൃതർ പാച്ച് വർക്ക് നീട്ടിക്കൊണ്ട് പോവുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് കണ്ണൂർ ജില്ലയിലെ ചാലയിൽ സമാനമായ അപകടത്തിൽ പെട്ട് നിരവധി പേർ മരിച്ചിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവിടെ ഒരു ചാല ആവർത്തിക്കാതിരുന്നത്. 

പ്രദേശത്ത് ഇത്തരം അപകടങ്ങൾ നിത്യ സംഭവമായിരിക്കെ ഇതിന് ഉത്തരവാദികളായ പിഡബ്ല്യൂഡി ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറയുന്നു. കുഴിയടക്കാൻ കരാർ ഏറ്റെടുത്തെങ്കിലും ദേശിയ പാതയിലെ കുഴി അപകടാവസ്ഥയിൽ തന്നെ നിലനിൽക്കുകയാണെന്നതിന്റെ ഉദാഹരണമാണ് ഈ അപകടം.


Also Read:- കുമ്പളയിൽ ദേശീയ പാതയിലെ കുഴി വെട്ടിക്കുന്നതിനിടെ ഗ്യാസ് ടാങ്കർ മറിഞ്ഞു; ചോർച്ചയില്ല, ഒഴിവായത് വൻദുരന്തം