പ്രകൃതി ദുരന്തങ്ങള്‍; പശ്ചിമ ഘട്ട സംരക്ഷണത്തിന് പ്രസക്തിയേറി


കേളകം: ഓഗസ്റ്റ് 13.2018. സംസ്ഥാന വ്യാപകമായി പ്രകൃതി ദുരന്തങ്ങള്‍ വ്യാപകമാകുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ -കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ സജീവ ചര്‍ച്ചയാവുന്നു. ദുരന്തങ്ങളുണ്ടായ അധിക പ്രദേശങ്ങളും മനുഷ്യ നിര്‍മിതമെന്നതാണ് തെളിവുകള്‍ നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നത്. അനിയന്ത്രിതമായ ക്വാറികളുടെയും വയല്‍ -തണ്ണീര്‍ത്തടം നികത്തലുകളുടെയും പുഴ-പുറമ്പോക്കു കയ്യേറ്റങ്ങളുടെയും തിരിച്ചടിയാണ് ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കിയത്. ക്വാറികളിലെ വെള്ളക്കെട്ടുകള്‍ തകര്‍ന്നുണ്ടായ ഉരുള്‍ പൊട്ടലുകള്‍ വിവിധ ജില്ലകളിലെ നിരവധി പേരുടെ ജീവനെടുത്തു. കണ്ണൂര്‍ ജില്ലയിലെ വാണിയപ്പാറ-പാറക്കമായി ദുരന്തവും ഇത്തരത്തിലാണെന്നാണ് കണ്ടെത്തല്‍. തണ്ണീര്‍ തടങ്ങളും വയലുകളും പുഴ പുറമ്പോക്കുകളും മണ്ണിട്ട് നികത്തി നിര്‍മിച്ച ടൗണുകളും വീടുകളും ആരാധനാലയങ്ങളും റിസോര്‍ട്ടുകളും വെള്ളത്തിലായപ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഇരു റിപ്പോര്‍ട്ടുകള്‍ക്കും പ്രസക്തി വര്‍ധിക്കുന്നുണ്ട്.

മനുഷ്യനിര്‍മിതമായ വന്‍ മണ്‍തിട്ടകള്‍ ഇടിഞ്ഞു വീണാണ് വീടുകളിലേറെയും തകര്‍ന്നത്? പശ്ചിമഘട്ട മലനിരകളുടെ ഏകദേശം 37 ശതമാനം പരിസ്ഥിതി ദുര്‍ബല പ്രദേശമെന്നായിരുന്നു ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ സമിതി വിലയിരുത്തിയത്. ഖനനം, ക്വാറി, മണല്‍വാരല്‍, താപോര്‍ജനിലയം, 20,000 ചതുരശ്രമീറ്ററിലേറെയുള്ള കെട്ടിടങ്ങളും മറ്റുനിര്‍മ്മാണങ്ങളും, 50 ഹെക്ടറിലേറെയുള്ളതോ ഒന്നരലക്ഷം ചതുരശ്രമീറ്ററിലേറെ നിര്‍മ്മാണമുള്ളതോ ആയ ടൗണ്‍ഷിപ്പ് അല്ലെങ്കില്‍ മേഖലാവികസനപദ്ധതികള്‍, ചുവപ്പുഗണത്തിലുള്ള വ്യവസായങ്ങള്‍ എന്നിവക്ക് പരിസ്ഥിതിലോലപ്രദേശത്ത് പൂര്‍ണനിയന്ത്രണമാണ് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തത്.

15 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളിലെ ഭൂവിനിയോഗത്തിന് കര്‍ക്കശമായ നിയന്ത്രണങ്ങള്‍ വേണമെന്ന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസിലെ (സെസ്) ശാസ്ത്രജ്ഞര്‍ കേരളത്തിലെ സര്‍ക്കാറുകളോട് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. എന്നാല്‍ സെസിന്റെ താക്കീതുകള്‍ അവഗണിക്കപ്പെടുകയാണുണ്ടായത്. താമരശ്ശേരി, കൊട്ടിയൂര്‍, വയനാട് ചുരങ്ങളില്‍ ഇന്നുകാണുന്ന കെട്ടിടനിര്‍മാണങ്ങളും മറ്റുനിര്‍മിതികളും ഭൂവിനിയോഗവും തുടരുന്നിടത്തോളം താത്കാലിക ചികിത്സ നടത്തിയാലും ഭാവിയിലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനിടയുണ്ട്. കൂടാതെ ഈ പ്രദേശങ്ങളിലെ അനിയന്ത്രിത ക്വാറികളും ദുരന്തങ്ങളുണ്ടാക്കുന്നു.

പശ്ചിമഘട്ടത്തിന്റെ ശാശ്വതമായ സംരക്ഷണത്തിനുള്ള ശാസ്ത്രീയവും ശ്ലാഘനീയവുമായ കാല്‍വെപ്പായിരുന്നു മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിന്റെ ശിപാര്‍ശകള്‍. പശ്ചിമഘട്ടത്തിലെ ഭൂവിനിയോഗം സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. മലയോര കര്‍ഷകരുടെ മാഗ്‌നാകാര്‍ട്ടയായിരുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുഴിച്ചുമൂടുന്നതില്‍ കേരളത്തിലെ മത-രാഷ്ട്രീയ സംഘടനകള്‍ ഒറ്റക്കെട്ടായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ മഴ കനത്തു പെയ്താല്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും തുടര്‍ന്നുള്ള ജീവനാശവും ദുരന്തങ്ങളും ഗാഡ്ഗില്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. പരിഹാരക്രിയകള്‍ക്കുള്ള തന്റേടം കര്‍ഷകര്‍ക്കുണ്ടായില്ലെങ്കില്‍ വരുംകാലത്ത് പ്രവചനാതീതമായ ദുരന്തങ്ങളും കൂട്ടക്കുരുതികളും സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്. റിപ്പോര്‍ട്ട് അവഗണിച്ചതാണ് മനുഷ്യ നിര്‍മിത ദുരന്തങ്ങള്‍ക്ക് കാരണമെന്നും വിമര്‍ശനമുണ്ട്.

Gadgil report says about natural calamities, Kerala, news, Natural calamities, Gadgil report.