കൊച്ചി രാജ്യാന്തര വിമാനത്താവളം തുറന്നു


കൊച്ചി: ഓഗസ്റ്റ് 29.2018. കേരളത്തിലെ കടുത്ത മഴയും വെള്ളപ്പൊക്കവും കാരണം ആഗസ്ത് 14 മുതൽ അടച്ചിട്ട നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് വീണ്ടും തുറന്നു. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 2.05ന് ഇറങ്ങിയത്.  ഇതുള്‍പ്പെടെ 32 വിമാനങ്ങളാണ് ഇന്ന് നെടുമ്പാശേരിയില്‍ വന്നുപോകുക. 

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേയും ജെറ്റ് എയര്‍വേയ്‌സിന്റെയും മസ്‌കറ്റില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജെറ്റ് എയര്‍വേയ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ, ഇത്തിഹാദിന്റെ അബുദാബി, എയര്‍ ഏഷ്യയുടെ ക്വാലാലംപൂര്‍ വിമാനങ്ങളും എത്തുന്നുണ്ട്. ശേഷിക്കുന്നവ ആഭ്യന്തര സര്‍വീസുകളാണ്.

വെള്ളപ്പൊക്കത്തെത്തുടർന്ന് എയർപോർട്ടിന് 220 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കി.റണ്‍വേയ്ക്ക് ക്ഷതം പറ്റിയില്ലെങ്കിലും മൂന്ന് ടെര്‍മിനല്‍ കെട്ടിടങ്ങള്‍, ഏപ്രണ്‍, ലോഞ്ചുകള്‍ എന്നിങ്ങനെ മുപ്പത് ലക്ഷം ചതുരശ്രയടി ഭാഗത്ത് വെള്ളംകയറി ചെളിയടിഞ്ഞു. ദിവസങ്ങളോളം 24 മണിക്കൂറും തുടര്‍ച്ചയായി നടത്തിയ പ്രയത്‌നത്തിലാണ് വിമാനത്താവളം സജ്ജമായത്. 

വെള്ളം കയറി കേടുപറ്റിയ നാല് കണ്‍വെയര്‍ ബെല്‍റ്റുകള്‍, 22 എക്‌സ്-റേ യന്ത്രങ്ങള്‍, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകള്‍, എണ്ണൂറോളം റണ്‍വേ ലൈറ്റുകള്‍ എന്നിവയെല്ലാം പൂര്‍വനിലയിലാക്കി. എട്ട് സൗരോര്‍ജ പ്ലാന്റുകളില്‍ പകുതിയോളം ചാര്‍ജ് ചെയ്തു.

ചെങ്ങന്നൂർ, ചാലക്കുടി, പരവൂർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലേക്ക് ചൊവ്വാഴ്ചയോടെ രാഹുൽ ഗാന്ധി സന്ദർശനത്തിന് എത്തിയിട്ടുണ്ട്.

Kochi, Kerala, news, Airport, Re opens, First flight lands at Kochi airport as it reopens after a fortnight.