സംസ്ഥാനം പ്രളയത്തില്‍ മുങ്ങുമ്പോഴും വിദ്വേഷമുളവാക്കുന്ന പ്രചാരണം സജീവം


കോഴിക്കോട്: ഓഗസ്റ്റ് 21.2018. മത, ജാതി, ദേശ ഭേദമന്യേ കേരളത്തെ കരകയറ്റാനുള്ള സഹായങ്ങളെത്തുമ്പോഴും വിദ്വേഷം വമിക്കുന്ന പ്രചാരണം സജീവം. കേരളം കമ്യൂണിസ്റ്റുകളുടെയും ബീഫ് കഴിക്കുന്നവരുടെയും നാടാണ് എന്നാണ് വിദ്വേഷപ്രചാരണത്തിന്റെ ഒരു മുദ്രാവാക്യം. രാജ്യതാല്‍പര്യമില്ലാത്ത മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ഇടമാണ് കേരളമെന്നും ഇത് അവര്‍ അര്‍ഹിക്കുന്നതാണെന്നും മറ്റു ചിലര്‍ എഴുതുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കിട്ടേണ്ടത്‌ കിട്ടി, ശബരിമല സ്ത്രീ പ്രവേശന ചര്‍ച്ചയെ തുടര്‍ന്നുണ്ടായ ദൈവകോപം തുടങ്ങിയ കാര്യങ്ങളും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ എഴുതിവിടുന്നുണ്ട്.

സൈനികവേഷത്തിലെത്തി സമൂഹമാധ്യമം വഴി സംസ്ഥാന ഭരണകൂടത്തെ അവഹേളിച്ചയാള്‍ സൈനികനല്ലെന്ന് സൈന്യംതന്നെ വ്യക്തമാക്കി. സംസ്ഥാന ഭരണം നഷ്ടമാകുമെന്ന ഭയം മൂലമാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കാത്തത് എന്നും സൈന്യത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സര്‍ക്കാറിന് ഒന്നും അറിയില്ല എന്നുമാണ് ഇയാള്‍ കഴിഞ്ഞ ദിവസം വിഡിയോയിലൂടെ പറഞ്ഞത്. ഈ പോസ്റ്റിട്ടയാള്‍ പത്തനംതിട്ട സ്വദേശി ഉണ്ണി എസ്. നായര്‍ ആണെന്ന് വ്യക്തമായിട്ടുണ്ട്.

ട്വിറ്ററില്‍ വിഭൂതി എന്ന പേരില്‍ അക്കൗണ്ട് ഉള്ളയാളുടെ കുറിപ്പ് ഇങ്ങെന:

''എന്തു സഹായം അവരില്‍ അധികവും കേരളത്തിന്റെ പുറത്ത്-ഗള്‍ഫിലും മറ്റും ജോലി ചെയ്യുന്നവരാണ്. ആ കമ്യൂണിസ്റ്റുകാരെ ഇസ്‌ലാമിക സംഘടനകളും ക്രിസ്ത്യന്‍ പള്ളികളും ചേര്‍ന്ന് നോക്കിക്കൊള്ളും. അവര്‍ക്ക് ഭക്ഷണം കൊടുത്ത് സഹായിക്കാന്‍ നോക്കിയാല്‍, അവര്‍ തിരിച്ച് ബീഫ് കറി ചോദിക്കും.'' ''അയ്യപ്പസ്വാമിയുടെ കോപമാണ് പ്രളയകാരണം'' -ജെ.എന്‍. കൗശിക് ട്വിറ്ററില്‍ എഴുതി. ''കേരളത്തിലെ കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് പശുക്കുട്ടികളെ കശാപ്പ് ചെയ്ത് വിളമ്പിയത് എല്ലാവര്‍ക്കും അറിയാം. അവരെ ദൈവം വെറുതെ വിടില്ല'' -കൗശിക് തുടര്‍ന്നു.

യു.എസ് കേന്ദ്രീകരിച്ചുള്ള സംഘ്പരിവാര്‍ പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലുള്ള രാജീവ് മല്‍ഹോത്രയുടെ അഭ്യര്‍ഥന പച്ചയായ വര്‍ഗീയതയായി മാറി. ''കേരളത്തിലെ ഹിന്ദുക്കളെ സഹായിക്കുക. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളും മുസ്‌ലിംകളും അവരുടെ ആളുകളെ സഹായിക്കാനും അജണ്ടകള്‍ നടപ്പാക്കാനുമാണ് പണം സമാഹരിക്കുന്നത്'' എന്നായിരുന്നു ഇയാളുടെ ട്വീറ്റ്. 'നഗരകേന്ദ്രീകൃത നക്‌സലുകള്‍ക്കോ അവരുടെ സ്‌പോണ്‍സര്‍മാര്‍ക്കോ സര്‍ക്കാറിനോ നിങ്ങളുടെ സഹായം ഏല്‍പിക്കരുതെന്ന് 'സേവാഭാരതി'യുടെയും ബി.ജെ.പിയുടെയും നിലപാടുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സുരേഷ് കൊച്ചാട്ടില്‍ എഴുതി. ദുരിതമനുഭവിക്കുന്നവര്‍ പലരും അതിധനികരാണെന്നും അവര്‍ക്ക് മെഴുകുതിരി മുതല്‍ നാപ്കിന്‍ വരെയുള്ള കാര്യങ്ങള്‍ ദാനമായി വേണ്ടെന്നും എല്ലാം സേവാഭാരതിക്ക് നല്‍കണമെന്നും പറയുന്ന വോയിസ് ക്ലിപ്പും കുറിപ്പും ഇദ്ദേഹത്തിന്റെതായിട്ടുണ്ട്. 'നിങ്ങളയക്കുന്ന നിലവാരമില്ലാത്ത അരി അവര്‍ കഴിക്കില്ല. അവര്‍ ഉയര്‍ന്ന തരം വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നവരാണ്. ആദ്യം നിങ്ങള്‍ നേരിട്ടുവന്ന് വസ്തുക്കള്‍ നല്‍കാന്‍ ശ്രമിക്കുക. എങ്കില്‍ മാത്രമേ യഥാര്‍ഥ ആവശ്യക്കാരെ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.

കേരളത്തില്‍ എല്ലായിടത്തും പ്രളയം ബാധിച്ചിട്ടില്ലെന്നും തിരിച്ചറിയണം. ആന്ധ്രയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ വസ്ത്രങ്ങള്‍ അയച്ചവര്‍ക്കും ഇതാണ് സംഭവിച്ചത്. ഉപയോഗിച്ച വസ്ത്രങ്ങള്‍ തങ്ങള്‍ക്കാവശ്യമില്ലെന്നു പറഞ്ഞ് അവരത് വലിച്ചെറിയുകയായിരുന്നു''അദ്ദേഹം പറയുന്നു. ഇവിടെ എല്ലാ ജില്ലയിലെയും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്ന സേവാഭാരതി പ്രവര്‍ത്തകരുണ്ട്. സര്‍ക്കാറിനോടല്ല, അവരോടാണ് രക്ഷപ്പെട്ടവര്‍ നന്ദിപറയുന്നത്. എല്ലാ സൗകര്യവും അവര്‍ ഒരുക്കുന്നുണ്ട്. ഇത് കര്‍ണാടകയോ ആന്ധ്രയോ അല്ല. റാന്നിയിലെയും ചെങ്ങന്നൂരിലെയുമെല്ലാം ജനങ്ങള്‍ വളരെ ധനികരാണ്. ഭിക്ഷാടകരോടെന്നപോലെയുള്ള പെരുമാറ്റം അവര്‍ സഹിക്കില്ല. നിങ്ങളയക്കുന്ന വസ്തുക്കളെല്ലാം അവര്‍ നിങ്ങള്‍ക്കുനേരെ തിരിച്ചെറിയും. തുടങ്ങി തീര്‍ത്തും അപലപനീയമായ കാര്യങ്ങളാണ് ഇയാള്‍ പറഞ്ഞത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ നരേന്ദ്ര മോദിയുടെ സമൂഹമാധ്യമ കാമ്പയിനിന്റെ ഹൈദരാബാദ് ചാപ്റ്റര്‍ ചുമതല സുരേഷ് കൊച്ചാട്ടിലിനായിരുന്നു. വിദ്വേഷസന്ദേശങ്ങള്‍ പടരുമ്പോഴും അതിനെ തകര്‍ത്ത് തരിപ്പണമാക്കുംവിധമുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. കൊടും ദുരിതകാലംപോലും വെറുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കാനുള്ള നീക്കങ്ങളെ മുളയിലേ നുള്ളുന്ന ഇടപെടലുകളാണ് ലോകമെമ്പാടുമുള്ള മറുപക്ഷം നടത്തുന്നത്.

fake messages flowing through Social media, Kozhikkod, Kerala, news,.