ഇന്തോന്യേഷ്യയിൽ വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്


ജക്കാര്‍ത്ത ഓഗസ്റ്റ് 05-2018 • ഇന്തോനേഷ്യയെ വീണ്ടും നടുക്കി ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. ഇന്തോനേഷ്യയുടെ വടക്കന്‍ തീരത്തുള്ള ലോംബോക്ക് ദ്വീപിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതുവരെ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ സുനാമി ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉപരിതലത്തില്‍ നിന്നു 15 കിലോമീറ്റര്‍ ആഴത്തിലാണ് ചലനമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ ബാലിയില്‍ ഭൂചലനം കുറച്ചു സെക്കന്‍ഡുകള്‍ നീണ്ടുനിന്നു. കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ തെരുവുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.

ജനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പോകണമെന്നും പരിഭ്രാന്തരാകേണ്ടന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചെറിയപ്രകമ്പനങ്ങൾ തുടരുന്നതിനാല്‍ അഗ്നി പര്‍വ്വതത്തിന്റെ അടുത്തു താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയാണ്.

ഒരാഴ്ചക്കിടെ രണ്ടാതവണയാണ് ലോംബോക്ക് മേഖലയില്‍ ഭൂചലനം ഉണ്ടാകുന്നത്. കഴിഞ്ഞ ആഴ്ച ദ്വീപിലുണ്ടായ ഭൂചലനത്തില്‍ 16 പേര്‍ മരിച്ചിരുന്നു. 6.4 തീവ്രതയാണ് അന്ന് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്.

tsunami, earthquake, indonesia,