ഗെയിം മോമോയെ പേടിക്കേണ്ടെന്ന് പോലീസ്


തിരുവനന്തപുരം: ഓഗസ്റ്റ് 12.2018. ബ്ലൂവെയില്‍ ഗെയിമിനു ശേഷം ആളുകളില്‍ ഭയമുളവാക്കുന്ന തരത്തിലുള്ള ഗെയിം മോമോയ്‌ക്കെതിരെ കേരള പൊലീസ്. മോമോ ഗെയിംസിനെക്കുറിച്ചുള്ള ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആരും പേടിക്കേണ്ടതില്ലെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ കേരള പൊലീസ് അറിയിച്ചു.

ഭീകരരൂപിയായ സ്ത്രീയുടെ ചിത്രമാണു മോമോയുടെ ഐക്കണ്‍. അജ്ഞാതനെ പരിചയപ്പെടാന്‍ ആവശ്യപ്പെടുന്ന മെസേജില്‍ നിന്നാണു തുടക്കം. തുടര്‍ന്ന് ഈ നമ്പരില്‍നിന്നു പേടിപ്പെടുത്തുന്ന മെസേജുകളും വിഡിയോകളും ലഭിക്കും. തുടര്‍ന്നു സ്വയം മുറിപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ആവശ്യപ്പെടും. അജ്ഞാത നമ്പറുമായി ബന്ധം സ്ഥാപിക്കാന്‍ ചലഞ്ച് ചെയ്താണു മോമോ ഗെയിം തുടങ്ങിയതെന്നു മെക്‌സിക്കോയിലെ കംപ്യൂട്ടര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ ഇതു സംബന്ധിച്ച് ഒരു കേസ് പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത്തരത്തില്‍ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കള്‍ അവരുടെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കണമെന്നും അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ജില്ലാ സൈബര്‍സെല്ലിലോ സൈബര്‍ഡോമിനെയോ അറിയിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

ഇത്തരം വ്യാജപ്രചരണങ്ങള്‍ വഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. മോമോ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നു വിദഗ്ധര്‍ കര്‍ശനമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Kerala, news, skyler-ad, Momo game, Police, Actions, Do not be afraid of game Momo -Police