അറഫാ സംഗമം ഇന്ന്


മക്ക: ഓഗസ്റ്റ് 20.2018. വിശുദ്ധ ഹജ്ജ് കർമത്തിന്റെ അറഫ മഹാസംഗമത്തിന് മക്ക മൈതാനം ഒരിക്കല്‍ക്കൂടി സാക്ഷിയാവുകയാണിന്ന്. ലോകത്തിന്റെ പല ഭാഗങ്ങളിൽ ളില്‍നിന്ന് നാഥന്റെ വിരുന്നുകാരനാവാന്‍ പുറപ്പെട്ടിറങ്ങിയ തീര്‍ഥാടക ലക്ഷങ്ങള്‍ കാത്തിരുന്ന ദിവസം. ലളിത വസ്ത്രങ്ങളണിഞ്ഞ്, ദൈവസന്നിധിയില്‍ വന്നണഞ്ഞ് വിതുമ്പിക്കേഴാന്‍ എത്തിയ 20 ലക്ഷത്തിലധികം വിശ്വാസികളാണ് ചരിത്രഭൂമിയില്‍ ഇന്ന് സംഗമിക്കുന്നത്.

ലക്ഷക്കണക്കിനാളുകള്‍ക്ക് പ്രാര്‍ഥിക്കാന്‍ സൗകര്യമുള്ള അറഫയിലെ നമീറ മസ്ജിദ് തിങ്കളാഴ്ച പുലരും മുമ്പുതന്നെ നിറഞ്ഞുകവിഞ്ഞു. മുഹമ്മദ് നബി മനുഷ്യകുലത്തിന്റെ വിമോചന പ്രഖ്യാപനം നിര്‍വഹിക്കാന്‍ കയറിനിന്ന ജബലുര്‍റഹ്മയും നേരം പുലരും മുമ്പേ തീര്‍ഥാടകസമുദ്രത്തില്‍ മുങ്ങി. മിനായില്‍നിന്നുള്ള തെരുവുകള്‍ ഞായറാഴ്ച രാത്രിയോടെ 13 കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്കൊഴുകുന്ന കാഴ്ചയായിരുന്നു. 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്' എന്നു തുടങ്ങുന്ന അല്ലാഹുവിനെ വാഴ്ത്തുന്ന തല്‍ബിയത്ത് മന്ത്രങ്ങളുമായാണ് തീര്‍ഥാടകര്‍ അറഫയിലേക്കൊഴുകുന്നത്. മുഴുവന്‍ തീര്‍ഥാടകരും ഉച്ചയോടെ അറഫയില്‍ സംഗമിക്കും. മനുഷ്യസാഗരമായി മാറും പിന്നെയിവിടം.

ഉച്ചക്കും വൈകുന്നേരവുമുള്ള നമസ്‌കാരങ്ങള്‍ ഇവിടെ ഒരുമിച്ച് നിര്‍വഹിക്കും. ഉച്ച മുതല്‍ അസ്തമയം വരെ അറഫയില്‍ നില്‍ക്കലാണ് ഹജ്ജിന്റെ മുഖ്യ കര്‍മം. മനമുരുകിയ പ്രാര്‍ഥനയുടെയും കീര്‍ത്തനങ്ങളുടെയും മണിക്കൂറുകള്‍. നമീറ പള്ളിയില്‍ നടക്കുന്ന അറഫ പ്രഭാഷണത്തിന് തീര്‍ഥാടകര്‍ കാതോര്‍ക്കും. അറഫയിലെ പ്രാര്‍ഥനകള്‍ കഴിഞ്ഞ് സൂര്യാസ്തമയമാകുമ്പോള്‍ മുസ്ദലിഫയിലെത്തി അവിടെ വിശ്രമിക്കും. ഇശാ-മഗ്‌രിബ് നമസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കും. ദുല്‍ഹജ്ജ് 10 പുലരുന്നതോടെ മിനായിലെ കൂടാരങ്ങളിലേക്ക് തിരിച്ചുപോവും. അവിടെ രാത്രി താമസിച്ചാണ് പിന്നീടുള്ള കര്‍മങ്ങള്‍.

അറഫ സംഗമത്തിന് വമ്പിച്ച ഒരുക്കമാണ് അധികൃതര്‍ നടത്തിയത്. ഞായറാഴ്ച അര്‍ധരാത്രിയോടെ മിനായില്‍നിന്ന് മശാഇര്‍ ട്രെയിനുകള്‍ അറഫയിലേക്ക് സര്‍വിസ് തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള 68,000 ഹാജിമാര്‍ക്കാണ് ഇത്തവണ ട്രെയിന്‍ സൗകര്യം ലഭിച്ചത്. ബാക്കിയുള്ളവര്‍ക്ക് ബസിലാണ് യാത്ര. 40 ഡിഗ്രിക്ക് മുകളിലാണ് അന്തരീക്ഷ ഊഷ്മാവ്. ചൂട് ശമിപ്പിക്കാന്‍ അറഫയിലുടനീളം കൃത്രിമ ചാറ്റല്‍മഴക്ക് വാട്ടര്‍സ്‌പ്രെയറുകള്‍ സജ്ജമാണ്. ഹാജിമാര്‍ക്ക് കുടകളും നല്‍കിയിട്ടുണ്ട്. അറഫയിലെ കിങ് ഫൈസല്‍ പാലത്തിനു സമീപം രണ്ടു മെട്രോ സ്‌റ്റേഷനുകള്‍ക്ക് അടുത്താണ് ഇന്ത്യന്‍ ഹാജിമാര്‍ക്ക് സ്ഥലം നിശ്ചയിച്ചത്.

Day of Arafah, Gulf, World, news.