അമിത് ഷായ്ക്കും മകനുമെതിരെ വീണ്ടും അഴിമതി ആരോപണം


ന്യൂഡല്‍ഹി: ഓഗസ്റ്റ് 11.2018. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കും മകന്‍ ജയ്ഷായ്ക്കുമെതിരെ പുതിയ ആരോപണം. വന്‍ തുക വായ്പ നേടാനായി ജയ്ഷായുടെ കമ്പനി ലാഭം കൂട്ടിക്കാണിച്ചതായി കാരവന്‍ മാസിക റിപ്പോര്‍ട്ട് ചെയ്തു. ജയ്ഷായുടെ കുസും ഫിന്‍സെര്‍വ് എല്‍.എല്‍.പി എന്ന കമ്പനി തിരിച്ചടവ് ശേഷി കൂട്ടിക്കാണിക്കാന്‍ ലാഭത്തില്‍ കൃത്രിമം കാണിച്ചു എന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ജയ്ഷായുടെ മറ്റൊരു കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസും സമാനമായ രീതിയിലാണ് ലാഭം കാണിച്ചത്. ഈ ഇടപാടുകളില്‍ അമിത് ഷായ്ക്കും പങ്കുണ്ടെന്നും കാരവന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയില്‍ അമിത് ഷായ്ക്കുള്ള പങ്കാളിത്തം മറച്ചുവെച്ചാണ് 2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പട്ടിക നല്‍കിയത്.
2016 ല്‍ അമിത് ഷായുടെ പേരിലുള്ള രണ്ട് സ്ഥലങ്ങള്‍ ഗുജറാത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കാലുപുര്‍ കൊമേഴ്‌സല്‍ കോപ്പറേറ്റീവ് ബാങ്കില്‍ പണയം വെച്ചിരുന്നു. ഇവിടെ നിന്ന് കുസും ഫിന്‍സെര്‍വിന് വേണ്ടി 25 കോടി വായ്പയെടുത്തു. 2016 മുതല്‍ അഞ്ച് തവണയായി 97.35 കോടി രൂപയാണ് രണ്ട് ബാങ്കുകളില്‍ നിന്നും ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നുമായി ജയ്ഷായുടെ കമ്പനി വായ്പ നേടിയത്.

കമ്പനിയുടെ ക്രെഡിറ്റ് 2017ല്‍ 300 ശതമാനത്തിലേക്ക് ഉയര്‍ന്നു. പുതിയ ബാലന്‍സ് ഷീറ്റ് പ്രകാരം കമ്പനിയുടെ മൊത്തം ആസ്തി 5.83 കോടിയാണ്. ഇത്ര ചെറിയ ആസ്ഥിയുള്ള കമ്പനിക്ക് എങ്ങനെ ഇത്രവലിയ വായ്പ ലഭിച്ചു എന്ന ചോദ്യമാണ് കാരവന്‍ ചോദിക്കുന്നത്.

ജാമ്യം നിന്ന ആളെന്ന നിലയില്‍ അമിത് ഷായ്ക്ക് ആ ബിസിനസില്‍ ഓഹരി ഉണ്ടാവുമെന്നും ഇക്കാര്യം സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നുമാണ് കാരവന്‍ രേഖകള്‍ സഹിതം ഉന്നയിക്കുന്നത്‌. രാജ്യസഭാംഗത്വം റദ്ദ് ചെയ്യപ്പെടാന്‍ പോലും കാരണമാകുന്ന കുറ്റമാണിത്. മോദി അധികാരത്തില്‍ എത്തിയ ശേഷം മാത്രം അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം 16,000 ഇരട്ടിയാണ് വര്‍ധിച്ചതായി ദി വയര്‍ പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ട് വിവാദമായിരുന്നു.

Corruption allegation against Amith shah and his son, news, India, New Delhi, Amithsha.