പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തിൽ എത്തുന്നുതിരുവനന്തപുരം: ഓഗസ്റ്റ് 26.2018. കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 28,29 തീയതികളില്‍ കേരളത്തിലെത്തുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം.ഹസന്‍ അറിയിച്ചു. 28ന് രാവിലെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം പിറ്റേന്ന് വൈകുന്നേരം കോഴിക്കോട് നിന്നും മടങ്ങും. ചെങ്ങന്നൂര്‍, ആലപ്പുഴ, ചാലക്കുടി എന്നിവിടങ്ങളിലെ ദുരിതബാധിത മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും അദ്ദേഹം സന്ദര്‍ശനം നടത്തും.

കേരളത്തിലെ ദുരിതബാധിതര്‍ക്ക് വേണ്ടി കെ.പി.സി.സി 5 ലക്ഷം രൂപ വീതം ചെലവ് വരുന്ന ആയിരം വീടുകള്‍ നിര്‍മിച്ച് നല്‍കും. ഈ പദ്ധതിയുടെ ഉദ്ഘാടനം ആലപ്പുഴ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ലിജുവില്‍ നിന്നും ചെക്ക് സ്വീകരിച്ച് കൊണ്ട് രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. പ്രളയബാധിതര്‍ക്കായി എം.എം.ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഓരോ വീടു നിര്‍മിച്ചു നല്‍കാനും തീരുമാനിച്ചു. തന്റെ കുടുംബം ഒരു വീട് സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രളയക്കെടുതിയില്‍നിന്ന് സംസ്ഥാനത്തെ കര കയറ്റാന്‍ മലയാളികള്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടു യോജിക്കുന്നുവെന്നും ഹസന്‍ പറഞ്ഞു.

കേരളം ഒന്നിച്ചു പ്രവര്‍ത്തിച്ചതിനാലാണ് പ്രളയക്കെടുതിയെ അതിജീവിക്കാനായതെന്നും ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ കേരളത്തെ മുന്നോട്ടുനയിക്കുന്നതെന്നും ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു.

Kerala, news, Rahul Gandhi, M.M Hassan, Congress President Rahul Gandhi arrives in Kerala to visit flood-affected areas.