മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍


ന്യൂഡല്‍ഹി: ഓഗസ്റ്റ് 17.2018. കേരളത്തിലെ കടുത്ത പ്രളയ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി കുറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഡാമിന്റെ സുരക്ഷയാണ് പ്രധാനമെന്നും ഘട്ടംഘട്ടമായി വെള്ളം തുറന്നു വിട്ട് ജലനിരപ്പ് കുറക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഡാമിന് തല്‍സമയ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

കേരളം, തമിഴ്നാട് ചീഫ് സെക്രട്ടറിമാരെയും ദേശീയ ദുരന്ത നിവാരണ സമിതിയെയും (എന്‍.സി.എം.സി) വിളിച്ചുചേര്‍ത്ത് മുല്ലപ്പെരിയാര്‍ ഉപസമിതി വെള്ളിയാഴ്ച രാവിലെ അടിയന്തരയോഗം ചേര്‍ന്ന് തീരുമാനം അറിയിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് തമിഴ്നാട് തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും ദുരന്ത നിവാരണ പദ്ധതി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് ഇടുക്കി സ്വദേശി റസ്സല്‍ ജോയി നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. 142 അടിയെന്ന് സുപ്രീംകോടതി പറഞ്ഞത് സാധാരണ സാഹചര്യത്തിലാണെന്നും ഇതുപോലെ അസാധാരണ സാഹചര്യമുണ്ടാകുമ്പോള്‍ ജനങ്ങളുടെ ഭയമകറ്റുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തമിഴ്‌നാടിനോട് പറഞ്ഞു. ഇരു സംസ്ഥാനങ്ങളും എന്‍.സി.എം.സി.യുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. എന്‍.സി.എം.സി. ദുരന്തനിവാരണ പദ്ധതി തയാറാക്കണം. ഇരു സംസ്ഥാനങ്ങളും ഉപസമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ജലനിരപ്പ് ഉയരുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്ഥിതി അവലോകനം ചെയ്യാന്‍ കേന്ദ്രം കഴിഞ്ഞ ദിവസം മൂന്നംഗ സമിതി രൂപവത്കരിച്ചിരുന്നു. ഈ കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് ജലനിരപ്പ് കുറക്കാമെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്ര ജല കമീഷന്‍ ചെയര്‍മാന്‍ അധ്യക്ഷനായ സമിതിയില്‍ കേരള, തമിഴ്‌നാട് ചീഫ് എന്‍ജിനീയര്‍മാരാണ് അംഗങ്ങളായിട്ടുള്ളത്.

news, ദേശീയം, New Delhi, Mullapperiyar dam, Water level, Supreme court.