മെഡല്‍ പ്രതീക്ഷയോടെ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ബജ്‌റങ് പൂനിയ ഫൈനലില്‍


ജക്കാര്‍ത്ത: ഓഗസ്റ്റ് 19.2018. ഗുസ്തിയില്‍ പുരുഷവിഭാഗം 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ബജ്‌റങ് പൂനിയ ഫൈനലില്‍ കടന്നു. സ്വര്‍ണം പ്രതീക്ഷിച്ചെത്തിയ സുശീല്‍ കുമാര്‍ ആദ്യ റൗണ്ടില്‍ തോറ്റു. 57 കിലോഗ്രാം വിഭാഗത്തില്‍ സന്ദീപ് തോമാര്‍ ക്വാര്‍ട്ടറില്‍ തോല്‍വി വഴങ്ങി.

നീന്തലില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി താരം സജന്‍ പ്രകാശിന് അഞ്ചാം സ്ഥാനം മാത്രമാണ് ലഭിച്ചത്. ഇന്നു വൈകിട്ടു നടന്ന ഫൈനലില്‍ 1:57.75 സമയം കുറിച്ചാണ് സജന്‍ അഞ്ചാമതെത്തിയത്. ജപ്പാന്‍ താരം ഡയ്യ സേട്ടോ (1:54.53), ജപ്പാന്റെ തന്നെ നാവോ ഹൊറോമുറ (1:55.58) ചൈനയുടെ ലീ ഷുഹാവോ (1:55.76) എന്നിവരാണ് ഈയിനത്തില്‍ യഥാക്രമം സ്വര്‍ണം, വെള്ളി, വെങ്കലം നേടിയത്. നൂറു മീറ്റര്‍ ബാക്ക് സ്‌ട്രോക് നീന്തലില്‍ ശ്രീഹരി നടരാജ് ഏഴാമതായി.

ഷൂട്ടിങ്ങില്‍ വെങ്കലം വെടിവച്ചിട്ട അപൂര്‍വി ചന്ദേലരവികുമാര്‍ സഖ്യത്തിലൂടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആദ്യ മെഡല്‍ നേടി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തിലാണ് ഇരുവരും വെങ്കലം നേടിയത്. ഫൈനലില്‍ 429.9 പോയിന്റ് സ്‌കോര്‍ ചെയ്താണ് ഇവരുടെ വെങ്കലനേട്ടം. ഈ ഇനത്തില്‍ ചൈനീസ് തായ്‌പേയ് സ്വര്‍ണവും വെള്ളിയും നേടി. ബാഡ്മിന്റനിലും ടെന്നിസിലും ഇന്ത്യന്‍ താരങ്ങള്‍ വിജയത്തോടെ തുടക്കമിട്ടു.

2018 ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണം ചൈനയ്ക്കാണ് ലഭിച്ചത്. വുഷുവ ചാങ്ഗ്വാന്‍ വിഭാഗത്തില്‍ പെയ് യുവാന്‍ സുന്‍ ആണ് സ്വര്‍ണം നേടിയത്. ഈയിനത്തില്‍ ഇന്ത്യയുടെ അന്‍ജുല്‍ നാംദിയോ അഞ്ചാം സ്ഥാനത്തായി. ഇന്ന് 21 ഇനങ്ങളില്‍ മെഡല്‍ നിര്‍ണയിക്കപ്പെടുമ്പോള്‍ സ്വര്‍ണപ്രതീക്ഷയോടെ ഇറങ്ങുന്നവരില്‍ ഇവര്‍ക്കു പുറമെ വേറെയും ഇന്ത്യന്‍ താരങ്ങളുണ്ട്. ഏഷ്യന്‍ മാമാങ്കത്തിന്റെ ഒന്നാംദിനംതന്നെ കഴിയുന്നത്ര മെഡല്‍ സ്വന്തമാക്കി അക്കൗണ്ട് തുറക്കാനുറച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങുന്നത്. ഗുസ്തി, ഷൂട്ടിങ്, ഫെന്‍സിങ്, വുഷു, തയ്ക്വാന്‍ഡോ, നീന്തല്‍ എന്നിവയിലാണ് ഇന്നു മെഡലുകള്‍ തീരുമാനിക്കപ്പെടുന്നത്.

World, news, Sports, Bajrang Poonia enter final in Freestyle wrestling.