ആയുധങ്ങളുമായി നാലംഗ സംഘം ഡി വൈ എഫ് ഐ പ്രവർത്തകനെ വളഞ്ഞു; നാട്ടുകാർ അക്രമികളെ പൊലീസിലേൽപിച്ചു



ഉപ്പള: ഓഗസ്റ്റ് 19.2018. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആയുധങ്ങളുമായി അക്രമിക്കാനെത്തിയ നാലംഗ ആര്‍എസ്എസ് പ്രവര്‍ത്തകരെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ശനിയാഴ്ച്ച രാത്രി എട്ടുമണിയോടെ പൈവളിഗെ പഞ്ചായത്തിലെ ബായാര്‍ പദവിലാണ് സംഭവം. അക്രമത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കാര്‍ത്തികിനെ (26 ) കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകനായ ബായാറിലെ നിഥിനും കാര്‍ത്തിക്കും വെള്ളിയാഴ്ച്ച കളിക്കളത്തില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ശനിയാഴ്ച്ച ജോടുക്കല്ലില്‍ നിന്നും നിഥിന്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരോടൊപ്പം എത്തിയാണ് കാര്‍ത്തികിന് നേരെ അക്രമം നടത്തിയത്.

വാക്കുതര്‍ക്കവും തുടര്‍ന്ന് കയ്യാങ്കളിയും നടക്കുന്നതിനിടെ അക്രമി സംഘത്തിലെ ഒരാള്‍ അരയില്‍ നിന്നും കത്തി എടുത്ത് കുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാര്‍ത്തിക് ഇവരുടെ കയ്യില്‍ നിന്നും കുതറി ഓടിരക്ഷപ്പെടുകയായിരുന്നു.

ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെയാണ് സംഘത്തിലെ നാലുപേരെ പിടികൂടിയത്. എന്നാല്‍ നിഥിന്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. അക്രമികള്‍ എത്തിയ രണ്ടു ബൈക്കുകള്‍ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്.

രണ്ടാഴ്ച്ച മുമ്പാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അബൂബക്കര്‍ സിദ്ദീഖിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൈവളിഗെയുടെ സമീപ പഞ്ചായത്തായ മംഗല്‍പാടിയിലെ സോങ്കാല്‍ പ്രതാപ് നഗറില്‍ വെച്ച് കുത്തിക്കൊന്നത്. ഇതിന്റെ പ്രതിഷേധം നിലനില്‍ക്കുന്നതിനിടയിലാണ് വീണ്ടും കൊലപാതക ശ്രമം അരങ്ങേറിയത്.

പിടിയിലായ നാലുപേരും ജോടുക്കല്ല് സ്വദേശികളാണ്. ഇവരെ പിന്നീട് മഞ്ചേശ്വരം പൊലീസിന് കൈമാറി. കസ്റ്റഡിയിലുള്ളവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ കേസെടുക്കുമെന്ന് മഞ്ചേശ്വരം പോലീസ് പറഞ്ഞു.

Attack attempt; 4 gang RSS activists caught and handed to police, Attack attempt, Uppala, news, GoldKing-ad.