ഇന്ത്യന്‍ ക്രിക്കറ്റ് ടീമും കേരളത്തിനൊപ്പം; മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലഭിച്ച മുഴുവന്‍ മാച്ച് ഫീസും കേരളത്തിന് നൽകുംന്യൂഡല്‍ഹി: ഓഗസ്റ്റ് 23.2018. പ്രളയം ദുരിതം വിതച്ചതിനെ അതിജീവിക്കാന്‍ ശ്രമിക്കുന്ന കേരളത്തിന് സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. ഇംഗ്ലണ്ടിനെതിരായി മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലഭിച്ച മുഴുവന്‍ മാച്ച് ഫീസും കേരളത്തിന് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. മാച്ച് ഫീയായി ടീമിന് രണ്ട് കോടിയോളം രൂപ ലഭിക്കും. ഒരു ടെസ്റ്റ് മല്‍സരത്തിന് ടീമിലുള്ള താരങ്ങള്‍ക്ക് 15 ലക്ഷം രൂപയും റിസര്‍വ് താരങ്ങള്‍ക്ക് അതിന്റെ പകുതിയുമാണ് ലഭിക്കുക. നേരത്തെ, ഇംഗ്‌ളണ്ടിനെതിരായി നോട്ടിംഗ്ഹാമില്‍ നടന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിലെ വിജയം കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്‌ലി സമര്‍പ്പിച്ചിരുന്നു.

കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ ടീമിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമാണിതെന്ന് മത്സരശേഷം കൊഹ്‌ലി പറഞ്ഞു. ഇതിന് പിന്നാലെ ടെസ്റ്റില്‍ നേടിയ ജയം കേരളത്തിലെ ദുരിതബാധിതര്‍ക്ക് സമര്‍പ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെ നടപടി ആവേശമുണര്‍ത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇംഗ്‌ളണ്ടിനെതിരായ മത്സരത്തിലും അദ്ദേഹം കേരളത്തിലെ ദുരന്തബാധിതരെ ഓര്‍ത്തു. ലോകം മുഴുവന്‍ കേരളത്തിലെ ജനങ്ങളെ സ്‌നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കുകയാണ്. ഇത് അതിജീവനത്തിന് നമുക്ക് കരുത്തേകും''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

news, New Delhi, Indian cricket team, Virat Kohli, All match fees received from 3rd cricket test for Kerala.