മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയി ഓർമ്മയായി


ന്യൂ ഡെൽഹി: ഓഗസ്റ്റ് 16.2018. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി (94) അന്തരിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (എയിംസ്)ലായിരുന്നു അന്ത്യം. അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.

മൂത്രനാളി, ശ്വാസനാളി എന്നിവയിലെ അണുബാധ, വൃക്കപ്രശ്‌നങ്ങള്‍ എന്നിവയെ തുടര്‍ന്ന് ജൂണ്‍ 11നാണ് വാജ്‌പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. 1999 മുതല്‍ 2004 വരെ പ്രധാനമന്ത്രി പദത്തിലിരുന്ന് അഞ്ച് വര്‍ഷം തികച്ച് ഭരിച്ച ആദ്യ കോണ്‍ഗ്രസേതര പ്രധാനമന്ത്രി എന്ന സ്ഥാനത്തിനര്‍ഹനായി. 1996ല്‍ 13 ദിവസം പ്രധാനമന്ത്രി പദത്തില്‍ ഇരുന്നിട്ടുണ്ട്.

സ്‌കൂള്‍ അധ്യാപകനായിരുന്ന പണ്ഡിറ്റ് കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും കൃഷ്ണ ദേവിയുടെയും മകനായി 1924 ഡിസംബര്‍ 25ന് മധ്യപ്രദേശിലെ ഗ്വോളിയോറില്‍ ജനിച്ചു. ഗ്വോളിയോര്‍ വിക്‌ടോറിയ കോളജില്‍ നിന്നും ബി.എ ഡിഗ്രിയും കാണ്‍പൂര്‍ ഡി.എ.വി കോളജില്‍ നിന്ന് രാഷ്ട്രീയ മീംമാസയില്‍ എം.എയും പാസ്സായി. മികച്ച രാഷ്ട്രതന്ത്രജ്ഞന്‍, പത്രപ്രവര്‍ത്തകന്‍, വാഗ്മി, അനുഗ്രഹിത കവി, തികഞ്ഞ മനുഷ്യസ്‌നേഹി എന്നീ വിശേഷണങ്ങള്‍ക്കെല്ലാം അര്‍ഹനായ അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്നു. കോളജ് പഠനത്തിന്റെ ആദ്യ നാളുകളില്‍ ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനമായ സ്റ്റുഡന്റ് ഫെഡറേഷനില്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് 1941ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായി.

ലോക്‌സഭാ മേന്‍ അടല്‍ജി (സംഭാഷണ സമാഹാരം), മൃത്യു ഹത്യ, അമര്‍ ബലിദാന്‍, കൈദി കവിതായ് കി കുന്ദാലിയാന്‍ (കവിതാ സമാഹാരം), ന്യൂ ഡൈമന്‍ഷന്‍സ് ഓഫ് ഇന്ത്യാസ് ഫോറിന്‍ പോളിസി (സംഭാഷണ സമാഹാരം), ജനസംഘ് ഓര്‍ മുസല്‍മാന്‍, ത്രീ ഡീകേഡ്‌സ് ഇന്‍ പാര്‍ലമെന്റ്, അമര്‍ ആഗ് ഹെ (കവിതാ സമാഹാരം), മേരി ഏക്‌വാന്‍ കവിതായെന്‍, ഫോര്‍ ഡീകേഡ്‌സ് ഇന്‍ പാര്‍ലമെന്റ് എന്നിവ അദ്ദേഹം രചിച്ച കൃതികളാണ്.


news, ദേശീയം, Obituary, skyler ad, New Delhi, A.B vajpayee, A.B Vajpayee passes away.