രാജ്യത്ത് 5 ജി എത്തുന്നു


ഓഗസ്റ്റ് 24.2018.

രാജ്യത്ത് 4ജിയുടെ വേഗം അറിയുന്നതിന് മുമ്പ് തന്നെ 5ജി എത്തിയിരിക്കുകയാണ്. ഇനി വരാന്‍ പോകുന്നത് 5ജി യുഗം. 5ജി സ്പെക്ട്രം(റേഡിയോ തരംഗങ്ങള്‍) ലഭ്യമാക്കുന്ന നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കണമെന്ന് രാജ്യത്ത് 5ജി മാര്‍ഗരേഖ തയ്യാറാക്കുന്ന സമിതി ശുപാര്‍ശ ചെയ്തു. 5ജി സേവനം ലഭ്യമാക്കുന്നതിന് അധിക സ്പക്ട്രം ലഭ്യമാക്കണമെന്നും സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. 2020 ആകുമ്പോഴേക്കും ഇത് പ്രവർത്തന സജ്ജമാകുമെന്ന് സമിതി ചെയര്‍മാന്‍ പ്രൊഫ. എ.ജെ പോള്‍ രാജ് പറഞ്ഞു. 5ജി സേവനങ്ങൾക്ക് കൂടുതൽ സ്പെക്ട്രം വിതരണം ചെയ്യുന്നതായും ടെലികോം സെക്രട്ടറി അരുണാ സുന്ദരരാജൻ അറിയിച്ചു.


5ജി നടപ്പാക്കുന്നതിനായി സ്പെക്ട്രം സംബന്ധിച്ച നയം, നിയന്ത്രണ നടപടികള്‍, ഈ മേഖലകള്‍ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിനു 5ജി ദൗത്യസംഘം സമര്‍പ്പിച്ചിരിക്കുന്നത്. 5ജി സമൂഹമാറ്റത്തിന് വലിയ തോതില്‍ ഉപകാരപ്പെടുമെന്നാണ് ദൗത്യസംഘം വിലയിരുത്തുന്നത്. 6000 മെഗാഹെട്സ് സ്പെക്ട്രമാണു 5ജി പദ്ധതിക്കായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2016ല്‍ 2354.55 മെഗാഹെട്സ് സ്പെക്ട്രം 5.63 ലക്ഷം കോടി രൂപയ്ക്കാണു വില്‍പന നടത്തിയത്.

ഇന്ത്യയില്‍ 5ജിയുടെ ഗവേഷണങ്ങള്‍ നടക്കുകയാണ്. 2012-ല്‍ കൊല്‍ക്കത്തയിലാണ് ഇന്ത്യയിലാദ്യമായി 4ജി സേവനമെത്തിയത്. എന്നാല്‍ റിലയന്‍സ് ജിയോ സൗജന്യ സേവനവുമായി രംഗത്തെത്തിയതോടെയാണ് 4ജി സംവിധാനം ജനപ്രീതി നേടിയത്. ഇതോടെ 4ജി ഫോണുകള്‍ക്കും വില്‍പ്പനയേറി. 5ജി സേവനം വരുന്നതോടുകൂടി ടെലികോം രംഗത്ത് വലിയ വിപ്ലവമാകും വരാന്‍ പോകുന്നത്. അമേരിക്ക, ദക്ഷിണ കൊറിയ, ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലൊക്കെ 5ജി സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. 5ജി ഭാവി ഇന്ത്യക്ക് അത്യന്താപേക്ഷിതമായ സാങ്കേതിക വിദ്യതന്നെയാണ്. 5 ജി പുതിയ ആപ്ലിക്കേഷനുകൾ, ഉപയോഗങ്ങൾ, ബിസിനസ് കേസുകൾ എന്നിവ സൃഷ്ടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

എന്താണ് 5ജി?

5ജി എന്നു പറയുന്നത് ഫിഫ്ത്ത് ജനറേഷന്‍ വയര്‍ലസ്സ് നെറ്റ് വര്‍ക്കിംഗ്
ആര്‍ക്കിടക്ച്ചര്‍ ആണ്. വയർലെസ് നെറ്റ് വർക്കുകളുടെ വേഗവും പ്രതികരണവും വർദ്ധിപ്പിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. 5ജി കമ്മ്യൂണിക്കേഷന്‍ ലക്ഷ്യം വെക്കുന്നത് നിലവിലുള്ള വയര്‍ലസ്സ് നെറ്റ് വര്‍ക്കിംഗ് ആയ 4ജിയെക്കാള്‍ മൂന്ന് മടങ്ങ് വേഗത ഉറപ്പു വരുത്തുവാനാണ്. 4ജി വരെയുള്ള മൊബൈല്‍ സാങ്കേതിക തലമുറ കൂടുതലും ഹാര്‍ഡ്വെയര്‍ അതിഷ്ഠിതമായിരുന്നെങ്കില്‍ 5ജി സോഫ്റ്റ്വെയര്‍ നിയന്ത്രിതമാണ്. 5ജിയുടെ വേഗത സെക്കന്റില്‍ 10 ജിഗാബൈറ്റ് ആയിരിക്കും. ഒന്നിലേറെ ഡിവൈസുകള്‍ കണക്ട് ചെയ്യാമെന്നതാണ് 5ജിയുടെ മറ്റൊരു പ്രത്യേകത. വേഗം കുറയാതെ തന്നെ 5ജിയില്‍ കണക്ടിവിറ്റി സാധ്യമാകുകയും ചെയ്യും. ഫ്രീക്കന്‍സി അധിഷ്ഠിത ശൃംഖലയായിരുന്നു 4ജി വരെയുള്ള തലമുറകളെങ്കില്‍ സ്പെക്ട്രം അധിഷ്ഠിത സംവിധാനമാണ് 5ജി. സ്പെക്ട്രം താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകുക, ഫൈബര്‍ ഓപ്റ്റിക് സംവിധാനങ്ങളും ടവറുകളും ഉള്‍പ്പടെ 5ജി അധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങള്‍ വ്യാപിപ്പിക്കാനുള്ള തടസങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് ഈ രംഗം നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികള്‍.

technology, news, 5G, 5g services arriving in india.