ബുള്ളറ്റിന്റെയും ബൈക്കിന്റെയും ഹാന്‍ഡിലുകള്‍ തമ്മില്‍ കുടുങ്ങി അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം


കൊച്ചി: ഓഗസ്റ്റ് 27.2018. ബുള്ളറ്റിന്റെയും ബൈക്കിന്റെയും ഹാന്‍ഡിലുകള്‍ തമ്മില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. സഹയാത്രികരായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ചെറുവൈപ്പ് തച്ചനാട്ട് വീട്ടില്‍ അജിത്ത് ലാല്‍ സോമന്‍ (19), മഞ്ഞനക്കാട് നികത്തില്‍ത്തറ വീട്ടില്‍ അഖില്‍ ശശി (24) എന്നിവരാണ് മരിച്ചത്. കടമക്കുടി സ്വദേശി ജിഷാദ് (28), വൈപ്പിന്‍ സ്വദേശി ഹരീഷ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ വൈപ്പിന്‍ മാലിപ്പുറം പാലത്തിന് താഴെ വച്ചായിരുന്നു അപകടം. മാലിപ്പുറം പാലം കയറുന്നതിന് മുമ്പേ അമിതവേഗതയിലായിരുന്ന ബുള്ളറ്റും ബൈക്കും ഒപ്പത്തിനൊപ്പം എത്തിയിരുന്നു. ഈ സമയം ഹാന്‍ഡിലുകള്‍ തമ്മില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ നിയന്ത്രണം തെറ്റിയ ബുള്ളറ്റും ബൈക്കും റോഡിലേക്ക് മറിഞ്ഞു. റോഡിലൂടെ തെന്നി നീങ്ങിയ വാഹനങ്ങളില്‍ ഒന്ന് വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. ബുള്ളറ്റ് സമീപത്തെ തോട്ടിലേക്ക് തെറിച്ച് വീഴുകയായിരുന്നു. രാവിലെ പൊലീസ് എത്തിയാണ് ബുള്ളറ്റ് തോട്ടില്‍ നിന്നും കരയ്‌ക്കെത്തിച്ചത്.

സംഭവ സമയം റോഡില്‍ ആരും ഉണ്ടായിരുന്നില്ല. പിന്നീട് ഇതുവഴി വന്ന നാട്ടുകാരില്‍ ചിലരാണ് നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചത്. അഖില്‍ ശശി സംഭവ സ്ഥലത്തും അജിത്ത് ലാല്‍ സോമന്‍ ആശുപത്രിയിലേക്കുള്ള വഴിയിലും മരിച്ചു. പരിക്കേറ്റ ജിഷാദിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. ഹരീഷിന് തലയ്ക്കാണ് പരിക്ക്. ഇരുവരുടെയും മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Kochi, Kerala, news, Obituary, Accident, Bike, Bullet, Injured, Hospital, Police, 2 dies in Bike accident.