നവവധുവിന്റെ രേഖകളടങ്ങിയ ബാഗ് കവർന്ന് വിലപേശൽ; വേഷം മാറിയെത്തിയ പോലീസ് സംഘം മോഷ്ടാവിനെ കൈയ്യോടെ പൊക്കി


കാസർകോട് ജൂലൈ 26, 2018 • നവവധുവിന്റെ വിലപിടിച്ച രേഖകളും മറ്റും അടങ്ങിയ കവർ മോഷ്ടിച്ച് കടന്ന് പണം തട്ടാൻ ശ്രമിച്ച വിരുതൻ കുടുങ്ങി. ഒടുവിൽ 3000 രൂപ നഷ്ടപരിഹാരമായി നൽകിയ യുവാവ് കേസിൽ നിന്നു തടിയൂരി. കഴിഞ്ഞ ദിവസം കുമ്പളയിലാണ് സംഭവം. ബൈളിഞ്ചയിലെ ഉസാമത്തിന്റെ ഭാര്യയും ഷിറിയ സ്വദേശിനിയുമായ ഫായിസ (19)യാണ് പരാതിക്കാരി. ഇവർ പാസ്പോർട്ടിനായി അപേക്ഷ നൽകിയിരുന്നു. പിന്നീട് വെരിഫിക്കേഷനായി മാതാവിനൊപ്പം കുമ്പള പൊലീസ് സ്റ്റേഷനിലെത്തി മടങ്ങും വഴി ജ്യൂസ് കടയിൽ കയറിയപ്പോഴാണ് രേഖകളും മറ്റും അടങ്ങിയ കവർ നഷ്ടപ്പെട്ടത്. കടയ്ക്കകത്തും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വീട്ടിലെത്തിയപ്പോഴാണ് ഫായിസയുടെ ഫോണിലേയ്ക്ക് വിളിച്ച് രേഖകൾ അടങ്ങിയ കവർ ലഭിച്ചിട്ടുണ്ടെന്നും 3000 രൂപ നൽകിയാൽ തിരികെ തരാമെന്നും അറിയിച്ചത്. ഇതേ തുടർന്ന് ഫായിസ കുമ്പളയിലെത്തി പൊലീസിൽ പരാതി നൽകി. പണം തരാമെന്നും ഉടൻ കുമ്പളയിലെ ജ്യൂസ് കടയുടെ പരിസരത്ത് എത്തണമെന്നും യുവാവിനോട് പറയാൻ പൊലീസ് ആവശ്യപ്പെട്ടു. ഇതിനിടയിൽ ഇൻസ്പെക്ടർ കെ പ്രേംസദൻ, എഎസ്ഐ വിനോദ്, സിപിഒ രതീഷ് എന്നിവർ വേഷം മാറി ജ്യുസ്  കടയുടെ സമീപത്തു കാത്തു നിന്നു. ആവശ്യപ്പെട്ട സമയത്തുതന്നെ കവറുമായി എത്തിയ യുവാവിനെ പൊലീസ് കയ്യോടെ പിടികൂടി. തുടർന്ന് ജ്യൂസ് കടയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് യുവാവ് രേഖകൾ അടങ്ങിയ കവർ മോഷ്ടിച്ചതായി സ്ഥിരീകരിച്ചു. ചൗക്കി സ്വദേശിയാണെന്നും അബ്ദുൽ സമദ് എന്നാണ് പേരെന്നുമാണ് ഇയാൾ പൊലീസിനോട് പറഞഞ്ഞത്. തുടർന്ന് യുവതിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനും സമയ നഷ്ടത്തിനും 3000 രൂപ നൽകിയാണ് യുവാവ് കേസില്ലാതെ തടിയൂരിയത്.

steal, bag, bargaining. theft, kumbla-thief-bargaining-for-theft-bag-police-actionthief-bargaining-for-theft-bag-police-action-kumbla