സീതാംഗോളിയിൽ പോലീസ് എയ്ഡ് പോസ്റ്റ് ഉദ്‌ഘാടനം ചെയ്തു


സീതാംഗോളി, ജൂലൈ 31-2018 • സീതാംഗോളിയിലെ പോലീസ് എയ്ഡ് പോസ്റ്റ് വർണ്ണാഭമായ ചടങ്ങിൽ വെച്ച് ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസ് ഐ.പി.എസും പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അരുണയും താക്കോൽ ഏറ്റു വാങ്ങി ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. സീതാംഗോളി ജംഗ്ഷനിൽ നാട്ടുകാരുടെയും വ്യാപാരികളുടെയും സഹകരണത്തോടെ നിർമ്മിച്ച കെട്ടിടത്തിലാണ്  പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുക. കുമ്പള പോലീസ് സ്റ്റേഷന് കീഴിൽ പ്രവർത്തിക്കുന്ന എയ്ഡ് പോസ്റ്റിൽ 3 പൊലീസുകാർ സ്ഥിരമായി ഉണ്ടാവും. ആഴ്ചകൾക്ക് മുമ്പ് ജനമൈത്രി പോലീസ് നടത്തിയ കൂട്ടയോട്ടത്തിന് ശേഷം നടന്ന സൗഹൃദ യോഗത്തിൽ ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് ജില്ലാ പൊലീസ് മേധാവി എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. അതാണ് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ യാഥാർഥ്യമായത്. അടിക്കടി അക്രമ സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്ന സീതാംഗോളിയിൽ 24 മണിക്കൂറും പോലീസ് നിരീക്ഷണം യാഥാർത്ഥ്യമായത് ജനങ്ങൾക്ക് ആശ്വാസമായി. 

ചൊവ്വാഴ്ച രാവിലെ മാലിക്ക് ദീനാർ കോളേജ് കുട്ടികളുടെ പ്രാർത്ഥനയോടെ സീതാംഗോളി ടൗണിൽ ആരംഭിച്ച പരിപാടിയിൽ പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അരുണ അദ്ധ്യക്ഷത വഹിച്ചു. സി.സി ക്യാമറയുടെ സ്വിച്ച് ഓൺ കർമ്മം ഡി. വൈ.എസ്.പി. എം.വി. സുകുമാരൻ നിർവ്വഹിച്ചു. കുടി വെള്ള വിതരണം ഉദ്ഘാടനം കുമ്പള സി.ഐ. കെ.പ്രേംസദൻ നിർവ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് പ്രസിഡന്റ് നസീർ കണ്ണൂർ, പോലീസ് ഓഫീസേർസ് അസോസിയേഷൻ സെക്രട്ടറി മഹേഷ്, അനിത ക്രാസ്റ്റ, കെ.എസ്.ഇ. ബി. അസി.എക്സി.എൻജിനിയർ ഭാസ്‌കരൻ, മാലിക് ദീനാർ പ്രിൻസിപ്പൽ ഉദയ കുമാർ ബി. തുടങ്ങിയവർ സംബന്ധിച്ചു. പുത്തിഗെ പഞ്ചായത്ത് മെമ്പർ ഇ. കെ.മുഹമ്മദ് കുഞ്ഞി സ്വാഗതവും കുമ്പള സി.ഐ.കെ.പ്രേംസദൻ നന്ദിയും പറഞ്ഞു.

seethamgoli-police-aid-post-inauguration