നെല്ലിക്കട്ടയിൽ സ്ത്രീകളെയും കുട്ടികളെയും കത്തിമുനയിൽ നിർത്തി കവർച്ച


ബദിയടുക്ക ജൂലൈ 11, 2018 • നെല്ലിക്കട്ടയിൽ സ്ത്രീകളെയും കുട്ടികളെയും കത്തിമുനയിൽ നിർത്തി കവർച്ച. ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെ ചൂരിപ്പള്ളയിലാണ് സംഭവം. ചൂരിപ്പള്ളം ബദ്രിയ മൻസിലിൽ പരേതനായ ബീരാൻ കുഞ്ഞിയുടെ ഭാര്യ ആമിതയുടെ വീട്ടിലാണ് കവർച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ്, അൽപം ദ്രവിച്ചു കിടക്കുകയായിരുന്ന ഒരു ജനൽ അടർത്തിമാറ്റിയാണ് വീട്ടിനകത്ത് കടന്നത്. ആമിനയും മകൻ ആസിഫിന്റെ ഭാര്യ മറിയംബിയും അഞ്ചും രണ്ടും വയസുള്ള രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്.

പുലർച്ചെ മൂന്നു മണിയോടെ ശബ്ദം കേട്ടുണർന്ന ആമിനയാണ് മുഖം മൂടിയും കൈയ്യായും ധരിച്ച് നിൽക്കുന്ന മോഷ്ടാവിനെ ആദ്യം കണ്ടത്. ഇവർ ബഹളം വച്ചതിനെത്തുടർന്ന് മറിയംബിയും ഉണർന്നു. അതിനിടെ മോഷ്ടാവ് കൈയ്യിൽ കരുതിയിരുന്ന മുളകുപൊടി ഇരുവരുടെയും മുഖത്ത് വിതറി കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി. ഇരുവരും ചേർന്ന് ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇരുവരും ധരിച്ചിരുന്ന ആഭരണങ്ങൾ അഴിച്ച് നൽകുകയായിരുന്നു. പിന്നീട് കയറി വന്ന ജനാലയിലൂടെത്തന്നെ മോഷ്ടാവ് തിരിച്ചു പോവുകയായിരുന്നുവത്രെ. ഡിവൈഎസ്പി സുകുമാരന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മറ്റ് ഉദ്യോഗസ്ഥരും വീടും പരിസരവും സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. വീടും പരിസരവും നന്നായി അറിയാവുന്ന ദീർഘകാലമായി ഇതേ പ്രദേശങ്ങളിലെവിടെയോ താമസിച്ചിരിക്കാൻ സാധ്യതയുള്ള ആളാണ് മോഷണത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്.

robbery-kasaragod