നാട്ടുവർത്തമാനം പറഞ്ഞിരിക്കാൻ ഇനി അബ്ദുള്ളയില്ല

അനുസ്മരണം : എം.എ മൂസ മൊഗ്രാൽ  എഴുതുന്നു ...

മൊഗ്രാലെന്ന ഇശൽ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന സംഭവങ്ങൾ ആദ്യമെത്തുന്നത് ടൗണിലെ ഫാൻസി കടയുടമയായ ദേശീയ പാതയോരത്തെ എം. എൽ ഹൗസിലെ എച്ച്. എ അബ്ദുള്ളയ്ക്കാണ്. അതുകൊണ്ടുതന്നെ എന്ത്‌ വിശേഷങ്ങളുണ്ടെങ്കിലും ഞങ്ങളൊക്കെ ആദ്യം അന്വേഷിക്കുന്നത് അബ്ദുള്ളയോടാണ്. അതാണ്‌ നാട്ടുകാരും, സുഹൃത്തുക്കളും അദ്ദേഹത്തെ സ്നേഹത്തോടെ ബി.ബി.സി അദ്ലൻച്ച എന്ന് വിളിക്കുന്നതും. അത്രകണ്ട് വാർത്തകൾ മണത്തറിയാൻ അബ്ദുള്ളയ്ക്കുള്ള കഴിവ് അപാരമായിരുന്നു. 

ഹൃദയാഘാതം മൂലമായിരുന്നു അബ്ദുല്ലയുടെ പെട്ടെന്നുള്ള മരണം. നാട്ടുകാർക്കും സുഹൃത്തുക്കൾക്കും അബ്ദുല്ല മരിച്ചുവെന്ന് വിശ്വസിക്കാൻ തന്നെ കഴിയുന്നില്ല മംഗലാപുരത്തേക്കുള്ള യാത്രാമധ്യേയായിരുന്നു അന്ത്യം. 

മരണമെന്നത് ഒരു സത്യമാണ് അതൊരു യാഥാർഥ്യവുമാണ്. എല്ലാ ശരീരവും മരണത്തിന്റെ രുചി അറിയും എങ്കിലും പെട്ടെന്നുണ്ടാകുന്ന ഇത്തരം മരണങ്ങൾ ഉണ്ടാകുന്ന വിടവ് നികത്തപ്പെടാനാവാത്തത് തന്നെയാണ് ഒപ്പം വേദനയും...... 

65 വർഷത്തെ ജീവിതത്തിനിടയിൽ അബ്ദുല്ല ചെയ്യാത്ത ജോലികളും എത്തിപ്പെടാത്ത മേഖലകളുമില്ല.. ചെറുപ്പംമുതലെ അധ്വാനശീലൻ, പ്രവാസിയായി ബഹ്റൈനിൽ രണ്ടരപതിറ്റാണ്ടുകാലം, നല്ലൊരു ഫുട്ബോൾ കളിക്കാരൻ, പഴയകാല ഇശൽ പാട്ടുകൂട്ടത്തിലെ കൈകൊട്ട് പാട്ടുകാരൻ, മൊഗ്രാലിലെ പരമ്പരാഗത ചവിട്ടുവല മത്സ്യതൊഴിലാളി, കോമയ്ക്ക കൃഷിയുടെ നല്ലൊരു കർഷകൻ, കുമ്പള ടൗണിലെ വസ്ത്ര വ്യാപാരി (പഴയ ലിബർട്ടി ), ഇപ്പോൾ മൊഗ്രാൽ ടൗണിലെ ഫാൻസി കടയുടമ..... വെറുതേയിരുന്ന് നേരംകളയാൻ അബ്ദുല്ല ഒരുക്കമല്ലായിരുന്നു. അധ്വാന ജീവിതം ഇത് അബ്ദുല്ലയുടെ മുദ്രാവാക്യമായിരുന്നുവെന്ന് വേണം കരുതാൻ. ജീവിതശൈലി അങ്ങനെയായിരുന്നു...... 

അന്ധമായ രാഷ്ട്രീയമൊന്നും അബ്ദുല്ലയ്ക്ക് ഉണ്ടായിരുന്നില്ല എങ്കിലും തികഞ്ഞ ഒരു ഇടതുപക്ഷ ചായ്‌വ് കാത്തുസൂക്ഷിച്ചിരുന്നു. വർത്തമാനത്തിലും, പ്രവർത്തിയിലും... എങ്കിലും തെറ്റും ശെരിയും വിളിച്ചുപറയും അത് ഇനി ഇടതുപക്ഷത്തിന്റെതായാൽപോലും..... 

ജീവിത തിരക്കിനിടയിൽ പ്രവാസ ജീവിതമൊക്കെ ഒഴിവാക്കി നാട്ടിൽ സുഹൃത്തുക്കൾക്കിടയിൽ തന്റെ കടയിൽ സദാ പുഞ്ചിരിച്ചു നിൽക്കുമ്പോഴും അബ്ദുല്ലയുടെ നിലപാടുകൾ എന്നും കർക്കശമായിരുന്നു. ഒന്നും ഒളിപ്പിച്ചുവെക്കുന്നശീലം അബ്ദുള്ളയ്ക്കുണ്ടായിരുന്നില്ല ആരുടെ മുഖത്തുനോക്കിയും തെറ്റും ശെരിയും വിളിച്ചുപറയാനുള്ള ചങ്കൂറ്റമുണ്ടായിരുന്നു അബ്ദുള്ളയ്ക്ക്. 

നാട്ടുവർത്തമാനം ചോദിച്ചറിയാൻ ഞങ്ങളൊക്കെ അബ്ദുള്ളയുടെ അടുത്ത് ഇരിക്കുമായിരുന്നു. കല്ല്യാണമായാലും, മരണമായാലും, അപകടങ്ങളായാലും നാട്ടിൽ നടക്കുന്ന മറ്റ് എന്ത്‌ കാര്യമായാലും, വിശേഷങ്ങളും അബ്ദുള്ള പറഞ്ഞുതരും അത് നൂറുശതമാനം സത്യവുമായിരിക്കും... 

അബ്ദുള്ളയുടെ ആഖിറം അള്ളാഹു വെളിച്ചമാക്കികൊടുക്കട്ടെ -ആമീൻ എന്ന പ്രാർത്ഥനയോടെ..... 

remembrance, abdulla , mogral,