ദേശീയ പാതയിൽ പൊടിയഭിഷേകം; യാത്ര നരകതുല്യം


കുമ്പള, ജൂലൈ 29, 2018 • മഴയൊഴിഞ്ഞതോടെ മഞ്ചേശ്വരം കാസറഗോഡ് ദേശീയ പാതയിൽ മൂക്കും കെട്ടി സഞ്ചരിക്കേണ്ട അവസ്ഥ. വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിൽ നിന്ന് പൊടി ഉയരുകയാണ്.

മഞ്ചേശ്വരം മുതൽ കാസറഗോഡ് വരെയുള്ള ദേശിയപാത പൊട്ടി പ്പൊളിഞ്ഞ് രൂപപ്പെട്ട വലിയ കുഴികൾ യാത്ര അസാധ്യമാക്കിയതോടെ നാട്ടുകാർ സംഘടിച്ച് അധികൃതർകെതിരെ സമരങ്ങളുമായി മുമ്പോട്ട് വന്നിരുന്നു.

അതിനിടെ അപകടങ്ങൾ തുടർക്കഥയായതോടെ അധികൃതർ റോഡിലെ വലിയ കുഴികൾ ജെ.സി.ബി. ഉപയോഗിച്ച് മാന്തിയും, ക്വാറി വേസ്റ്റിട്ട് മൂടിയും ചില ക്രിയകൾ നടത്തി. ശക്തമായ മഴയിൽ പൊടി കലങ്ങിപ്പോവുകയും ചെളി വെള്ളമായി ബൈക്ക് യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ദേഹത്ത് തെറിച്ച് ശല്യമാവുകയും ചെയ്തു. 

മഴ മാറി വെയിലുദിച്ചതോടെ റോഡിലെ പൊടിയെല്ലാം നനവ് മാറി വാഹനങ്ങൾ കടന്നു പോകുമ്പോൾ അന്തരീക്ഷത്തിൽ കലരുന്നു. കാറുകൾ ചില്ലുകളടച്ച് പൊടിയിൽ നിന്നും രക്ഷപ്പെടുമ്പോൾ ബസ്, ഓട്ടോ യത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും മാസ്ക് ധരിക്കുകയോ പൊടി തിന്നുകയോ മാത്രമാണ് ഗതി. 

അതിനിടെ ഈ റോഡിലെ വലിയ കുഴികൾ നിലവിൽ ഇട്ടിരിക്കുന്ന കല്ലുകളും മറ്റും നീക്കി റിപ്പയറിങ്ങ് പ്രവർത്തിക്കായി 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അതിന്റെ ടെണ്ടർ നടപടികൾപുരോഗമിക്കുന്നതായി അസിസ്റ്റന്റ് എഞ്ചിനീയർ കുമ്പള വാർത്തയോട് പറഞ്ഞു.

nh-road-dust-issue-kasaragod-manjeshwar