'ദേശീയ പാത ദുരിതം' അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കും" എൻ.എച്ച് ആക്ഷൻ കമ്മിറ്റി


കാസറഗോഡ് ജൂലൈ 18, 2018 • അനുദിനം ദുരിതം കൂടിക്കൂടി വരുന്ന കാസർകോട് മഞ്ചേശ്വരം ദേശീയ പാതയിൽ സർക്കാർ അടിയന്തിരമായു ഇടപെട്ട് കുഴികൾ അടക്കണമെന്ന് എൻ.എച്ച്. ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനകം ഒരുപാട് മനുഷ്യ ജീവൻ കവർന്ന പാതയിലൂടെ പൊതുജനം ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്.

ഉപ്പള മുതൽ പെർവാട് വരെ കരാർ എടുത്തെങ്കിലും അത് പൂർത്തീകരിക്കാൻ മൂന്ന് മാസം സമയം ഉണ്ട്. പെർവാട് മുതൽ തെക്കിൽ വരെയുള്ള ഭാഗത്ത് ടെൻഡർ എടുക്കാൻ ആരും തയ്യാറായില്ല എന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിൽ അടിയന്തരമായി ദേശീയ പാത നന്നാക്കാൻ സർക്കാർ നേരിട്ട് ഇടപെടണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മന്ത്രിമാർ ജില്ലയിൽ വരുമ്പോൾ യാതൊരു ടെണ്ടറുമില്ലാതെ റോഡ് നന്നാക്കാറുണ്ട്. മനുഷ്യ ജീവന് വില കല്പിക്കുന്നുണ്ടെങ്കിൽ പ്രത്യേക ഉത്തരവിറക്കി ദേശീയ പാത നന്നാക്കേണ്ടതുണ്ട്. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവീനർ അബ്ദുല്ലത്തീഫ് കുമ്പള, വൈസ് ചെയർമാൻ ഉമർ പാട്ലടുക്ക, അൻസാർ എന്നിവർ പൊതുമരാമത്ത് ഓഫീസ് സന്ദർശിച്ച് ദേശീയ പാത വിഷയത്തിൽ പ്രവർത്തന പുരോഗതി വിലയിരുത്തി.

യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് ആക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

nh-action-committee-kasaragod