മിയാപദവിൽ ചെങ്കൽ ക്വാറികൾ ജനജീവിതത്തിന് ഭീഷണിയാകുന്നു. കളക്ടർക്ക് പരാതി നൽകിയിട്ടും നടപടിയില്ല. പരാതിക്കാർക്കെതിരെ ഭീഷണി


കുമ്പള ജൂലൈ 30,2018 • മിയാപദവിൽ ചെങ്കൽ ക്വാറികൾ ജനജീവിതത്തിന് ഭീഷണിയാകുന്നു. മിയാപദവ് ബെജ്ജങ്കളയിലാണ് ഏക്കർകണക്കിന് സ്ഥലത്ത് രാപ്പകലന്യേ ചെങ്കൽ ക്വാറി പ്രവർത്തിക്കുന്നത്. വലിയ മെഷീനുകൾ ഉപയോഗിച്ചാണ് കല്ല് വെട്ടുന്നത്. ഇതിന്റെ ശബ്ദം കൊണ്ട് ക്വാറിക്ക് നൂറു മീറ്റർ ചുറ്റളവിലുള്ള വീട്ടുകാർക്ക് വീട്ടിനകത്ത് പോലും പരസ്പരം സംസാരിച്ചാൽ കേൾക്കില്ലത്രെ. ഉച്ചത്തിൽ സംസാരിച്ചും യന്ത്രത്തിന്റെ ശബ്ദം കൊണ്ട് കാതടഞ്ഞും കല്ല് വെട്ടുമ്പോൾ ഉയർന്ന് വീടുകൾക്കകത്തേക്ക് അടിച്ചു കയറുന്ന പൊടികൾ കൊണ്ടുള്ള ശല്യം കൊണ്ടും പൊറുതിമുട്ടിയിരിക്കുകയാണ് ഈ ചുറ്റളവിലുള്ള എൺപതോളം കുടുംബങ്ങൾ. സദാസമയവും വീട്ടിൽ തന്നെ കഴിയേണ്ടി വരുന്ന വയോധികർക്കും സ്ത്രീകൾക്കും കുട്ടികൾക്കും അലർജിയും മറ്റ് രോഗങ്ങളും ഒഴിഞ്ഞ ദിവസമില്ലെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ സുരക്ഷ നിയമങ്ങളൊന്നും പാലിക്കാതെയാണ് ക്വാറികൾ പ്രവർത്തിക്കുന്നത്. കല്ലുവെട്ടു കുഴികളെ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടില്ല. മാത്രമല്ല, തുറന്നിട്ടിരിക്കുന്ന ക്വാറികൾ സ്കൂൾ, മദ്റസ വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായിരിക്കുന്നു. ഈ പ്രദേശത്തു നിന്നും മിയപ്പദവ് വി എ യു പി സ്കൂൾ, മീഞ്ച എസ് വി എച്ച് എസ് എന്നിവിടങ്ങളിലേക്ക് നൂറു കണക്കിന് വിദ്യാർത്ഥികൾ നടന്നു പോകുന്നുണ്ട്. ഉപയോഗിക്കാത്ത മിക്ക കുഴികളിലും ഇപ്പോൾ വെള്ളം നിറഞ്ഞിരിക്കുകയാണ്. മുമ്പൊരിക്കൽ ഈ പ്രദേശത്ത് പാവപ്പെട്ട അമ്പതിൽപരം ഭവനരഹിതരായ കുടുംബങ്ങൾക്ക് വീടു നിർമ്മിക്കുന്നതിന് സർക്കാർ ഭൂമി അളന്നു കൊടുത്തിരുന്നു. ഏക്കർ കണക്കിനു വരുന്ന ഈ ഭൂമിയും ചെങ്കൽ മാഫിയ കൈക്കലാക്കിയതായാണ് സംശയിക്കുന്നത്. 

ദിവസം നൂറ് കണക്കിന് ലോഡ് കല്ലുകളാണത്രെ ഈ ക്വാറിയിൽ നിന്നും കയറ്റിക്കൊണ്ടു പോകുന്നത്. ഇതിൽ കുറെ കല്ലുകൾ അതിർത്തി കടന്ന് കർണാടകയിലും എത്തിക്കുന്നു. കർണാടകയിലേക്ക് കല്ലെത്തിക്കാൻ കഴിഞ്ഞാൽ വൻ ലാഭമാണത്രെ ഉടമയ്ക്ക് ലഭിക്കുന്നത്.   

റഹീം കമ്പാർ എന്നയാളുടെ മേൽനോട്ടത്തിലാണ് ക്വാറി പ്രവർത്തിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതിനെതിരെ ജില്ല കളക്ടർക്ക് പ്രദേശവാസികൾ പരാതി നൽകിയിരുന്നു. എന്നാൽ കളക്ടറുടെ നിർദേശമുണ്ടായിട്ടും ജിയോളജി വിഭാഗത്തിൽ നിന്നോ റവന്യൂ അധികാരികളിൽ നിന്നോ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർ ക്വാറി ഉടമയ്ക്ക് ഒത്താശ ചെയ്യുകയാണെന്നും നേരത്തെ സ്ഥലം മാറിപ്പോയ വില്ലേജ് ഓഫീസർ ഇപ്പോൾ വീണ്ടും മൂഡംബയൽ വില്ലേജ് ഓഫീസിൽ ചാർജ്ജെടുത്തിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. പരാതിപ്പെട്ടാൽ അന്വേഷണത്തിന് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ എത്തുന്നത് ക്വാറി ഉടമയുടെ അകമ്പടിയോടെയാണെന്നും അവരാരും ക്വാറിക്ക് ചുറ്റുമുള്ള വീട്ടുകാരെ കാണുകയോ അന്വേഷിക്കുകയോ ചെയ്യാറില്ലെന്നും പ്രദേശവാസികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അബ്ബാസ് കെ ഐ, അബ്ദുൽ ഖാദർ , സിദ്ദീക്ക് എംപി, സിദ്ദീക്ക് എം എച്ച് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

mining-mafia, meenja,